തിരുവനന്തപുരം: പേമാരി വന്നിറങ്ങിയിട്ടും സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാമുകളിലൊന്നും പകുതി പോലും വെള്ളമെത്തിയില്ല. എന്നാൽ പവർക്കട്ട് ഭീഷണി അകന്നുപോകുന്ന തരത്തിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.
പ്രധാന ഡാമുകളിലെ ശരാശരി ജലനിരപ്പ് ഇന്നലെ 47 ശതമാനമാണ്. ഇപ്പോഴത്തെ ജലനിരപ്പ് അനുസരിച്ച് നവംബർ വരെ വൈദ്യുത ഉത്പാദനം സുഗമമായി നടത്താൻ കഴിയും. മഴ മാറിയെങ്കിലും നീരൊഴുക്കു ശക്തമായി തുടരുന്നതിനാൽ പ്രതിദിനം ജലനിരപ്പ് ഒരുശതമാനം വീതം വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന. വെള്ളിയാഴ്ച ജലനിരപ്പ് 46 ശതമാനമായിരുന്നു.
അതേസമയം കുറ്റ്യാടി, തരിയോട്, പൊന്മുടി എന്നീ ചെറിയ ഡാമുകൾ ഏതാണ്ട് നിറയാറായി. ഇന്നലെ ഇവിടങ്ങളിലെ ജലനിരപ്പ് 92 ശതമാനമായി. ജൂലായ് ഒന്നിന് മൂന്നിടത്തും എട്ടു ശതമാനം മാത്രമേ വെളളം ഉണ്ടായിരുന്നുള്ളൂ.
ജലനിരപ്പ് ഉയർന്ന് പവർകട്ട് ഭീഷണി മാറിയതോടെ വെള്ളിയാഴ്ച നടത്താനിരുന്ന വൈദ്യുത ബോർഡ് അവലോകന യോഗം ഉപേക്ഷിച്ചിരുന്നു.
നഷ്ടം ഇങ്ങനെ
♦ഉരുൾപൊട്ടലിലും വെളളപ്പൊക്കത്തിലും ബോർഡിനുണ്ടായ നഷ്ടം 200 കോടി രൂപ
♦21.6 ലക്ഷത്തോളം വൈദ്യുതി കണക്‌ഷനുകൾ കേടായി.
♦12 ജനറേറ്റിംഗ് സ്റ്റേഷനുകൾ ഇപ്പോഴും വെള്ളത്തിൽ.
♦ഉപഭോഗം 70 ദശലക്ഷം യൂണിറ്റിൽ നിന്നു 40-45 ദശലക്ഷം യൂണിറ്റായി കുറഞ്ഞപ്പോൾ പ്രതിദിന വരുമാന നഷ്ടം 10 കോടിയിലേറെ.
ഡാമുകൾ ജലനിരപ്പ്നിരക്ക് (%) ഇന്നലെ പ്രളയത്തിനു തൊട്ടുമുമ്പ് ആഗസ്റ്റ് 7 ജൂലായ് 1
ഇടുക്കി 45 21 13
പമ്പ 46 18 8
ഷോളയാർ 58 28 9
ഇടമലയാർ 52 23 8
കുണ്ടള 45 19 13
മാട്ടുപ്പെട്ടി 34 12 6
''തുലാവർഷവും നല്ല രീതിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ആശങ്കകളൊന്നുമില്ല. നഷ്ടങ്ങൾ നികത്താനുള്ള ശ്രമത്തിലാണ് ബോർഡ്''
എൻ.എസ്.പിള്ള, ചെയർമാൻ, കെ.എസ്.ഇ.ബി