prakasahan

തിരുവനന്തപുരം: പെരുമഴയിൽ തകർന്ന പോസ്റ്റുകൾ ശരിയാക്കി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് വീണ് നട്ടെല്ല് തകർന്ന ലൈൻമാന്റെ ചികിത്സയ്ക്ക് വകയില്ലാതെ കുടുംബാംഗങ്ങൾ നെട്ടോട്ടമോടുന്നു. കെ.എസ്.ഇ.ബി കൊല്ലം തേവലക്കര സബ് ഡിവിഷനിലെ താത്കാലിക ജീവനക്കാരനായ ചവറ സൗത്ത് വടക്കുംഭാഗം അനൂപ് ഭവനിൽ ടി.പ്രകാശനാണ് കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ 11ന് വൈകിട്ട് 6.30ന് അയ്യൻകോയിക്കൽ വഞ്ചിമുക്ക് ജംഗ്ഷനിലെ പോസ്റ്റിലെ തകരാറു പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് നിലത്തുവീണ ആഘാതത്തിൽ നട്ടെല്ലിൽ നിരവധി പൊട്ടലുണ്ടായി. മെഡിക്കൽ കോളേജ് ആശുപത്രിയിലും ശ്രീചിത്രയിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് കിംസിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും പ്രകാശന് ചലനശേഷി പൂർണമായി നഷ്ടപ്പെട്ടു. തുടർചികിത്സ പുരോഗമിക്കുന്നതിനിടെ ആശുപത്രിയിൽ ബില്ലായ 5ലക്ഷം രൂപ അടയ്ക്കാൻ വഴിയില്ലാതെ വലയുകയാണ് വീട്ടുകാർ. പ്രായമായ അമ്മയും ഭാര്യ ശാലിനിയും പ്ലസ്ടു വിദ്യാർത്ഥിയായ അനൂപും ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ ആതിരയും ഉൾപ്പെടുന്നതാണ് കുടുംബം. ഏക ആശ്രയമായ പ്രകാശൻ കിടപ്പിലായതോടെ ഇവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. ചലനശേഷി നഷ്ടപ്പെട്ട പ്രകാശന് ദീർഘകാലം ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരുമെന്നും മരുന്നുകൾക്ക് ഉൾപ്പെടെ പ്രതിമാസം 25000 രൂപ ചെലവുവരുമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 67260421923, എസ്.ബി.ഐ ചവറ സൗത്ത്, IFSC CODE :SBIR0000283.