വിതുര: വിതുര- നന്ദിയോട്- പാലോട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ അപര്യാപ്തത കാരണം യാത്രക്കാർ നട്ടം തിരിയുകയാണ്. ഇടക്കാലത്ത് വരെ ആവശ്യത്തിന് സർവീസ് അയച്ചിരുന്ന വിതുര ഡിപ്പോ അധികാരികൾ അടുത്തിടെ നടപ്പിലാക്കിയ പുതിയ പരിഷ്കരണമാണ് യാത്രികർക്ക് വിനയായി മാറിയത്.
മലയോരമേഖലയിൽ അനവധി ഡിപ്പോകൾ സജീവമായി പ്രവർത്തിക്കുമ്പോഴും യാത്രക്കാർക്ക് ഇപ്പോൾ ആശ്രയമാകുന്നത് സ്വകാര്യവാഹനങ്ങളാണ്. അരമണിക്കൂർ ഇടവിട്ട് നിറയെ യാത്രക്കാരുമായി സ്വകാര്യസർവീസുകൾ തലങ്ങും, വിലങ്ങും പായുമ്പോൾ കെ.എസ്.ആർ.ടി.സി സർവീസുകൾ കാഴ്ചവസ്തുവായി മാറുകയാണ്. വിതുര മേഖലയിൽ ഏറ്റുവും കുറവ് സർവീസുകൾ ഉള്ളത് പാലോട് വിതുര റൂട്ടിലാണ്.
മലയോരമേഖലയിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് വിതുര, പാലോട്, ആര്യനാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി ഡിപ്പോകൾ ആരംഭിച്ചത്. ഫലത്തിൽ നെടുമങ്ങാട് ഉൾപ്പെടെ നാല് ഡിപ്പോകൾ അടുത്തടുത്ത് പ്രവർത്തിച്ചിട്ടും മലയോരമേഖലയിലെ യാത്രാദുരിതത്തിന് അറുതിയാകുന്നില്ല. മുൻപ് പാലോട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട ഡിപ്പോകളിൽ നിന്നും അനവധി സർവീസുകൾ വിതുര പാലോട് റൂട്ടിൽ സജീവമായി സർവീസ് നടത്തിയിരുന്നു. വിതുര കേന്ദ്രമാക്കി ഡിപ്പോ പ്രവർത്തനം ആരംഭിച്ചതോടെ ഇൗ സർവീസുകൾ നിലയ്ക്കുകയായിരുന്നു. സർവീസുകളുടെ കുറവ് നിമിത്തം ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരെ കുത്തി നിറച്ച് സർവീസ് നടത്തുന്നതിനാൽ അപകടങ്ങളും പതിവാണ്.