കുഴിത്തുറ: ദർശനത്തിന് മുൻപ് കുമാരകോവിൽ മുരുകൻ ക്ഷേത്രത്തിലെ തെപ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം പെരുംകുഴി പോസ്റ്റ് കല്ലുവിള മുട്ടപ്പന സ്വദേശി ശശിധരന്റെ മകൻ ലിജിനാണ് (26) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ലിജിനും നാല് കൂട്ടുകാരും തെപ്പക്കുളത്തിലിറങ്ങിയപ്പോൾ ലിജിൻ കാൽ തെന്നി ആഴമുള്ള സ്ഥലത്ത് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടൻതന്നെ തക്കല ഫയർഫോഴ്സ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഫയർഫോഴ്സെത്തി ലിജിനെ കരയ്ക്കെടുത്ത് തക്കല ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. തക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
|