pooja

ചിറയിൻകീഴ് : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശാർക്കര ദേവീക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഐശ്വര്യപൂജ നടന്നു. പതിവു പൂജകൾക്ക് പുറമേ വൈകിട്ട് 5.20ന് ആരംഭിച്ച ഐശ്വര്യപൂജയിൽ നൂറുക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുത്തു. രാമായണ മാസാചരണ സമാപനത്തിന്റെയും ചിങ്ങ മാസത്തെ വരവേൽക്കലിന്റെയും ഭാഗമായി നടന്ന ഐശ്വര്യ പൂജയിൽ പങ്കെടുക്കാൻ വിദൂരങ്ങളിൽ നിന്നുപോലും സ്ത്രീകൾ എത്തിയിരുന്നു. ക്ഷേത്രത്തിന് മുൻവശത്തെ സേവാപന്തലിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ക്ഷേത്ര മേൽശാന്തി രാജഗോപാലൻ പോറ്റി ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് ആരംഭമായത്. മുഖ്യവിളക്കിൽ നിന്നും ഐശ്വര്യ പൂജയിൽ പങ്കെടുത്ത ഭക്തജനങ്ങളുടെ നിലവിളക്കിലേയ്ക്ക് നാളം പകർന്നതോടെ ക്ഷേത്ര പരിസരം ദേവീ സ്തുതി ഗീതങ്ങളാൽ മുഖരിതമായി. ഐശ്വര്യ പൂജയ്ക്കുള്ള മറ്റ് പൂജാ സാധനങ്ങൾ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ആക്കോട്ട് ഇലങ്കം പ്രസന്നചന്ദ്രൻനായരാണ് മുഖ്യ കാർമികത്വം വഹിച്ചത്. ചിങ്ങം 12വരെ ക്ഷേത്രത്തിൽ നടക്കുന്ന 12 കളഭാഭിഷേകത്തിനും ഇന്നലെ തുടക്കമായി. ഇതിന് പുറമേ പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, ചിലമ്പിൽ ഭദ്രകാളി ദേവീക്ഷേത്രം, വലിയതോപ്പിൽ മഹാവിഷ്ണുക്ഷേത്രം, മേടയിൽ മുത്താരമ്മൻ ക്ഷേത്രം, ശാർക്കര അയ്യപ്പക്ഷേത്രം, അഴൂർ ഗണപതിയാംകോവിൽ, പുതുക്കരി മുക്കാലുവട്ടം ക്ഷേത്രം, കേളേശ്വരം ശിവക്ഷേത്രം, പെരുങ്ങുഴി ശ്രീധർമ്മശാസ്താ ശ്രീഭദ്രാ ദേവീക്ഷേത്രം, കാവടി മഹാവിഷ്ണുക്ഷേത്രം, എന്നിവിടങ്ങളിലും ചിങ്ങം ഒന്നിനോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടന്നു.