ചിറയിൻകീഴ്: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവ് വില്പനയ്ക്കിടെ പിടിയിലായി. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്വദേശി റോയി (22)ആണ് ഒന്നര കിലോ കഞ്ചാവുമായി ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് തീരദേശ മേഖല, കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഇയാൾ എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് കമ്മിഷണറുടെ ദക്ഷിണമേഖലാ സ്‌ക്വാഡിന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി.ആദർശ്, എസ്.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
ഓണക്കാലമായതിനാൽ മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും അനധികൃത വില്പനയും ഉപയോഗവും വർദ്ധിക്കാനിടയുള്ളതിനാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കുതല കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചുവടെയുള്ള നമ്പരുകളിൽ വിളിച്ച് അറിയിക്കണമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് സർക്കിൾ ഓഫീസ് ആറ്റിങ്ങൽ:0470 2622386, സർക്കിൾ ഇൻസ്പെക്ടർ:9400069407, എക്സൈസ് ഇൻസ്പെക്ടർ ആറ്റിങ്ങൽ:9400069408, ചിറയിൻകീഴ് റേഞ്ച്:0470 -2644070, എക്സൈസ് ഇൻസ്പെക്ടർ, ചിറയിൻകീഴ്:9400069423, കിളിമാനൂർ റേഞ്ച്:0470 -2672227, എക്സൈസ് ഇൻസ്പെക്ടർ, കിളിമാനൂർ:9400069422.