പൊതുവിദ്യാഭ്യാസ വകുപ്പ് 4000 ഫയലുകൾ തീർപ്പാക്കി

തിരുവനന്തപുരം: രണ്ടാം പ്രളയത്തിൽ കേരളം വിറങ്ങലിച്ചുനിന്ന ഒരാഴ്ചയ്ക്കുശേഷം സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം വീണ്ടും സജീവമായി. ആഗസ്റ്റ് മുതൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ യജ്ഞം ഇന്നലെ മുതൽ വീണ്ടും ആരംഭിച്ചു. അദാലത്തുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് വിവിധ വകുപ്പുകൾ നടത്തുന്നത്. ഇതിനകം 4000 ഫയലുകൾ തീർപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പാണ് മുന്നിൽ. വകുപ്പിൽ 18000 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. സെക്രട്ടേറിയറ്റിൽ 37 വകുപ്പുകളിലായി ആകെ 1.21 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്.

​ പൊതുമരാമത്ത് വകുപ്പിലെ അദാലത്ത് നാളെ തുടങ്ങും.കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച കീഴ്‌വകുപ്പുകളുടെ റിപ്പോർട്ടുകളുമായി ഉദ്യോഗസ്ഥർ അദാലത്തിന് ജോയിന്റ് സെക്രട്ടറിയുടെ മുന്നിലെത്തും. അദാലത്തിനുശേഷം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മാസാവസാനം റിവ്യൂ മീറ്റിംഗ് ചേരും. ഓരോ 10 ദിവസം കൂടുമ്പോഴും പി ആൻഡ് എ.ആർ.ഡിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. അദാലത്ത് കഴിയുമ്പോൾ തീർപ്പാക്കിയവയും തീർപ്പാക്കാനുള്ളവയുമായ ഫയലുകളുടെ വെവ്വേറെ കണക്ക് സെക്രട്ടറിക്ക് സമർപ്പിക്കും. 2,​519 ഫയലുകളാണ് ഇവിടെ തീർപ്പാക്കാനുള്ളത്.