vld-4

കൊല്ലം: തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജിനു സമീപം വെള്ളിയാഴ്ച അർദ്ധരാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ വേർപാട് കൊല്ലം ഇരുമ്പുപാലത്തിനു സമീപം വടക്കുംഭാഗം പ്രദേശത്തെ കണ്ണീരിലാഴ്ത്തി. വടക്കുംഭാഗം 'മഞ്ജരി'യിൽ ഡോ. ഡി.ജയരാജിന്റെയും മഞ്ജുവിന്റെയും ഏകമകൻ തുഹിൻ ജയരാജിന്റെ (25) അകാല വേർപാട് കുടുംബത്തിനു മാത്രമല്ല, പ്രദേശത്തിനു തന്നെ ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.കെ.ദേവകിയുടെയും പരേതനായ ഡി. ബാബുരാജന്റെയും (റിട്ട. ചീഫ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്) മകളുടെ മകനാണ് തുഹിൻ. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ അവസാനവർഷ മെഡിസിൻ വിദ്യാർത്ഥിയായ തുഹിൻ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തത്തിൽ പെട്ടത്.

സഹപാഠി ബാലരാമപുരം പനയറക്കുന്ന് പി.എം. ഭവനിൽ ജസ്റ്റിന്റെ മകൻ ബെന്നിക്കൊപ്പംം ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിന് മൂന്നിനാണ് തുഹിൻ മരണപ്പെട്ടത്. ബെന്നി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ മഞ്ജുവും തുഹിനും ഡോ. ദേവികയ്ക്കൊപ്പമായിരുന്നു താമസം. വിദേശത്തായിരുന്ന തുഹിന്റെ പിതാവ് ഡോ. ജയരാജ് മകന്റെ വിയോഗമറിഞ്ഞ് ഇന്നലെ സന്ധ്യയോടെ നാട്ടിലെത്തി. സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പോളയത്തോട് ശ്മശാനത്തിൽ നടന്നു.