തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കാർ ഇടിച്ചിട്ടത് മദ്യലഹരിയിലായിരുന്നുവെന്ന് അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
സാഹസികവും അശ്രദ്ധവുമായാണ് ശ്രീറാം കാറോടിച്ചത്. സഹയാത്രികയായ വഫ ഫിറോസിനും കുറ്റകൃത്യത്തിൽ പങ്കുണ്ട്. ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധിക്കുന്നതിൽ പൊലീസ് ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കണമെന്നാവശ്യപ്പെട്ട് സിറാജ് യൂണിറ്റ് ചീഫ് എ.സെയ്ഫുദ്ദീൻ ഹാജി സമർപ്പിച്ച ഹർജിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
മ്യൂസിയം എസ്.ഐ അപകട സ്ഥലത്തെത്തിയപ്പോൾ, മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് കാറോടിച്ചതെന്ന് സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന വഫയാണ് കാറോടിച്ചതെന്ന് ശ്രീറാം പറഞ്ഞു. വഫാ ഫിറോസും ഇക്കാര്യം സമ്മതിച്ചു. പരിക്കേറ്റ്, വസ്ത്രങ്ങളിൽ രക്തം പുരണ്ട നിലയിലായിരുന്നു അപ്പോൾ ശ്രീറാം. അദ്ദേഹത്തിന് ആന്തരികമായി മുറിവേറ്റിട്ടുണ്ടോയെന്ന് ആശങ്കയുണ്ടായിരുന്നതിനാൽ മ്യൂസിയം എസ്.ഐ, ശ്രീറാമിനെ ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ പരിശോധന നടത്താൻ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം എഴുതി നൽകി. ഈ സമയം വഫാ ഫിറോസ് ആട്ടോറിക്ഷയിൽ കയറിപ്പോയി. ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ സർട്ടിഫിക്കറ്റിൽ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി വ്യക്തമാക്കുന്നുണ്ട്. മ്യൂസിയം എസ്.ഐ, ശ്രീറാമിന്റെ രക്തസാമ്പിളെടുക്കാൻ ഡോക്ടറോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ ക്രൈം നമ്പർ സഹിതം മ്യൂസിയം പൊലീസ് രേഖാമൂലം ആവശ്യപ്പെടാതെ രക്തസാമ്പിൾ എടുക്കാനാവില്ലെന്ന് ഡോക്ടർ നിലപാടെടുത്തു. അപ്പോൾ ക്രിമിനൽ കേസ് രജസിറ്റർ ചെയ്തിരുന്നില്ല. രക്തമെടുക്കുന്നതിന് ശ്രീറാം അസൗകര്യം അറിയിക്കുകയും സുഹൃത്തായ ഡോ.അനീഷ് രാജിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. അതിനുശേഷം മ്യൂസിയം എസ്.ഐ സ്റ്റേഷനിൽ തിരിച്ചെത്തി ജനറൽ ഡയറിയിൽ വിവരങ്ങൾ രേഖപ്പെടുത്തി. ബഷീർ മരിച്ചതായി അറിഞ്ഞപ്പോൾ, മ്യൂസിയം എസ്.ഐ അപകട സ്ഥലത്തെത്തി ക്രൈം സീൻ സംരക്ഷിക്കാൻ പൊലീസ് സുരക്ഷയേർപ്പെടുത്തി. വഫയെ ജനറൽ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി.
രാവിലെ ഏഴിന് മൊഴി രേഖപ്പെടുത്തി കേസെടുത്തു. പിന്നീട് ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ കിംസ് ആശുപത്രിയിലെത്തിയാണ് ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിച്ചത്. മന:പൂർവമല്ലാത്ത സാവകാശം മാത്രമാണ് രക്തസാമ്പിൾ ശേഖരിക്കുന്നതിലുണ്ടായത്. രക്തസാമ്പിൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മ്യൂസിയം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തു. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിലെയും ലോക്കൽ പൊലീസിലെയും സമർത്ഥരായ
ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും റിപ്പോർട്ടിലുണ്ട്.