disha-pattani

ബോളിവുഡ് താരസുന്ദരിമാരുടെ ഫിറ്റ്നസ്- ബ്യൂട്ടി സീക്രട്ടുകൾ എന്നും ആരാധകർക്ക് ഹരമാണ്. കരീന കപൂറിനെപോലെ സൈസ് സീറോയാകാനായി കഷ്ടപ്പെട്ട ആരാധകരുടെ കഥകൾ ഇന്നും ഹിന്ദി സിനിമാലോകത്തെ പാണന്മാർ പാടി നടക്കുന്നുണ്ട്. യുവതാരനിരയിൽ ശ്രദ്ധേയയായ ദിഷ പട്ടാണിയുടെ വർക്കൗട്ട് സീക്രട്ടുകളാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. നമ്മൾ കഴിക്കുന്നത്‌ എന്താണോ അതാണ്‌ നമ്മുടെ ചർമത്തിലും ശരീരത്തിലും പ്രകടമാവുകയെന്നാണ് ദിഷ പറയുന്നത്. എന്ത് തിരക്കുണ്ടായാലും ഒരിക്കലും വർക്കൗട്ട് മുടക്കില്ല.

ആഴ്ചയിൽ ആറുദിവസവും വർക്കൗട്ട് ചെയ്യാറുണ്ട്. ഒരു ദിവസം ചീറ്റ് ഡേയും. ചില ദിവസങ്ങൾ എല്ലാവരെയും പോലെ എനിക്കും മടി തോന്നാറുണ്ട്. അപ്പോൾ ആ ദിവസം സ്‌കിപ് ചെയ്യും. പകരം അതിന് അടുത്ത ദിവസം അതിനു കൂടി ചേർത്തു വ്യായാമം ചെയ്യും. ജിംനാസ്റ്റിക്സ്, വെയിറ്റ് ട്രെയിനിംഗ്, മാർഷ്യൽ ആർട്സ് എന്നിവയാണ് പ്രധാനമായും പരിശീലിക്കുക. ജങ്ക് ഫുഡ് ഒന്നും തൊടുന്ന പ്രശ്നമില്ല. ഓരോ സിനിമ കഴിഞ്ഞും തന്റെ ഇഷ്ടസ്ഥലത്തേക്ക് ഒരു യാത്ര അതും ദിഷയ്ക്ക് മസ്റ്റാണ്.

മനസിനും ശരീരത്തിനും ഉണർവും ഉന്മേഷവും നൽകാൻ ഇത്തരം യാത്രകൾക്ക് കഴിയുമെന്നാണ് ദിഷ പറയുന്നത്. ദിവസവും പത്തു ഗ്ളാസ് വെള്ളം കുടിക്കും. മധുരം ചേർക്കാതെ പഴച്ചാറുകൾ കഴിക്കും. വ്യായാമം കഴിഞ്ഞ് പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കും. മൂന്നു നേരം ഭക്ഷണം എന്ന പതിവില്ല. പകരം അത് ആറു നേരമായോ എട്ട് തവണയായോ കഴിക്കും. വിശന്നിരിക്കേണ്ട അവസ്ഥ വരുത്തില്ല. ഷൂട്ടിംഗിനിടയിലും തന്റെ ഡയറ്റ് ചാർട്ട് കൃത്യമായി പിന്തുടരുമെന്നും ദിഷ പറയുന്നു. മോഹിത് സൂരി സംവിധാനം ചെയ്യുന്ന മലംഗ് ആണ് ദിഷയുടെ പുതിയ ചിത്രം.