kallambalam

കല്ലമ്പലം: അപകടങ്ങൾ പതിവായതോടെ ദേശീയപാതയിലെ ചെറുതും വലുതുമായ കുഴികൾ അടയ്ക്കാൻ കല്ലമ്പലം പൊലീസ് രംഗത്തെത്തി. മഴ കനത്തതോടെ ദേശീയപാതയിലെ കുഴികളുടെ വിസ്തൃതിയും ആഴവും കൂടിയിരുന്നു. വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ വർദ്ധിച്ചതോടെ "ദേശീയപാതയിൽ വ൯കുഴികൾ;‍ അപകടഭീതിയിൽ ഡ്രൈവർമാർ"‍ എന്ന തലകെട്ടിൽ കഴിഞ്ഞ മാസം 23 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ പൊലീസ് റോഡിലെ കുഴികളടയ്ക്കാ൯ തീരുമാനിച്ചത്. റോഡിലെ പല കുഴികളും ഇതിനോടകം പൊലീസ് നികത്തി. കല്ലമ്പലം മുതൽ തോട്ടയ്ക്കാട് ഭാഗം വരെയുള്ള സ്ഥലങ്ങളിലെ കുഴികളാണ് പാറക്കല്ലും താബൂക്കുകളും കൊണ്ട് പൊലീസ് അടച്ചത്. മഴക്കാലത്ത് റോഡിലെ കുഴികളിൽ ചെറിയ വാഹനങ്ങൾ വീഴുന്നത് പതിവാണ്. കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ വാഹനയാത്രക്കാരും ശ്രദ്ധിക്കാറില്ല. അപകടത്തിൽപ്പെടുമ്പോഴാണ് കുഴിയുടെ ആഴം തന്നെ ഇവർ മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം ഉച്ചയോടെയാണ് അവസാനിച്ചത്. മേഖലയിലെ വലിയ കുഴികളെല്ലാം മൂടിയാണ് പൊലീസ് സംഘം മടങ്ങിയത്.

റോഡിലെ കുഴികൾ കാരണം അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം തെറ്റിയുള്ള അപകടങ്ങൾ നിത്യേന പെരുകുകയാണ്. ചെറിയ കുഴികൾ വലിയ കുഴികളായി രൂപപ്പെട്ടു വരുന്നതോടെ അപകടങ്ങളുടെ തീവ്രതയും വർദ്ധിക്കാൻ തുടങ്ങി. മഴയായതോടെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴിയുടെ ആഴം മനസിലാകാതെയാണ് കൂടുതലും അപകടങ്ങൾ നടക്കുന്നത്. റോഡിൽ രൂപപ്പെട്ട കുഴികളടയ്ക്കുകയോ റീടാറിംഗ് ചെയ്യുകയോ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് റോഡിലെ കുഴികൾ അടച്ചത്.