തിരുവനന്തപുരം: കൊച്ചിയിൽ സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാർച്ചിന് നേരെ നടന്ന ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയ്‌ക്കും സി.പി.ഐ നേതാക്കൾക്കും മർദ്ദനമേറ്റ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എറണാകുളം ജില്ലാ കളക്ടർ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ നടപടി വേണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയെ ബെഹ്‌റ അറിയിച്ചത്.
ഞാറയ്ക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിന് നേരെയാണ് ലാത്തിച്ചാർജ് ഉണ്ടായത്. മാർച്ചുമായി ബന്ധപ്പെട്ടു കാര്യമായ ബലപ്രയോഗം ഉണ്ടായതായി കളക്ടറുടെ റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ, സംഘർഷം നിയന്ത്രിക്കാനുള്ള മുൻകരുതൽ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ലാത്തിച്ചാർജെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കമ്മിഷണറോ ആർ.ഡി.ഒയോ സ്ഥലത്തുണ്ടായിരുന്നില്ല. ലാത്തിച്ചാർജിന് മുൻപ് മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയിരുന്നില്ല എന്നീ കുറ്റപ്പെടുത്തലുകളുമുണ്ട്.
അതേസമയം, ക്രമസമാധാന പ്രശ്‌നമുണ്ടായാൽ എസ്.ഐക്ക് ലാത്തിച്ചാർജിന് ഉത്തരവിടാമെന്നാണ് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചത്. ഏതു രീതിയിലുള്ള പൊലീസ് വിന്യാസം ഒരുക്കണം, പ്രതിഷേധക്കാർക്കു നേരെ ഏതുതരം നടപടിയാണ് സ്വീകരിക്കേണ്ടത്, ഏത് ഉദ്യോഗസ്ഥനെയാണ് സ്ഥലത്ത് മേൽനോട്ടത്തിന് നിയോഗിക്കേണ്ടത് എന്നെല്ലാം പൊലീസാണ് തീരുമാനിക്കേണ്ടത്. സ്ഥലത്തെ പ്രധാന ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ് ഇതെന്നും ഡി.ജി.പി വ്യക്തമാക്കി.
എം.എൽ.എയ്‌ക്കൊപ്പം എറണാകുളം ജില്ലാ സെക്രടറി പി. രാജു അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. പൊലീസുകാർക്കെതിരെ നടപടിവേണമെന്ന് മന്ത്റിസഭായോഗത്തിൽ സി.പി.ഐ മന്ത്റിമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്റി എറണാകുളം ജില്ലാ കളക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.