muraleedharan
V Muraleedharan

വർക്കല: കേന്ദ്ര സഹമന്ത്റി വി.മുരളീധരൻ ശിവഗിരി മഹാസമാധിയിലെത്തി പ്രണാമമർപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെ ശിവഗിരി മഠത്തിലെത്തിയ അദ്ദേഹത്തെ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ മഞ്ഞ ഷാൾ അണിയിച്ച് സ്വീകരിച്ചു. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ട ശ്രീനാരായണഗുരു പിൽഗ്രിം സർക്യൂട്ട് പദ്ധതി ത്വരിതപ്പെടുത്തുന്നതിനുളള നടപടികൾക്ക് ശ്രമം തുടരുമെന്നും ശിവഗിരിമഠത്തിന് അർഹിക്കുന്ന എല്ലാ സഹായങ്ങളും നരേന്ദ്രമോദി സർക്കാരിൽ നിന്നു ലഭ്യമാക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.

വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന മൈതാനം റെയിൽവേ ഗേറ്റ് തുറക്കുന്നതു സംബന്ധിച്ച്‌ റെയിൽവേ മന്ത്റിയുമായി ചർച്ച നടത്തി പരിഹാരം കാണും. ശ്രീനാരായണഗുരു പിൽഗ്രിം സർക്യൂട്ടിനു വേണ്ടി ശിവഗിരിയുടെ സമഗ്ര വികസന രൂപരേഖ തയ്യാറാക്കാൻ ശിവഗിരി മഠം ചുമതലപ്പെടുത്തിയിട്ടുളള തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് ആർക്കിടെക് വിഭാഗം മേധാവി ഡോ. ഷീജ .കെ.പി, അസോസിയേറ്റ് പ്രൊഫസർ ബിജിൻ കോത്താരി, റിസർച്ച് അസോസിയേറ്റ്‌ താനിയ ജോഷ്വ, ഐ.ടി.ഡി.സി സീനിയർ മാനേജർ പ്രവീൺനായർ എന്നിവർ മന്ത്റിക്ക് രൂപരേഖയുടെ വിശദാംശങ്ങൾ ബോദ്ധ്യപ്പെടുത്തി. ബി.ജെ.പി നേതാക്കളായ വി.വി.രാജേഷ്, വി.ശിവൻകുട്ടി, തോട്ടയ്ക്കാട് ശശി, ആലംകോട് ദാനശീലൻ, വക്കം അജിത്ത്, പുഞ്ചക്കരി സുരേന്ദ്രൻ, ചാവർകോട് ഹരിലാൽ, തച്ചോട് സുധീർ, അശ്വനികുമാർ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, ശിവഗിരിമഠം പി.ആർ. ഒ കെ.കെ.ജനീഷ് ‌എന്നിവർ അനുഗമിച്ചു. ശിവഗിരി കവാടത്തിൽ നൂറ്കണക്കിന് പാർട്ടി പ്രവർത്തകർ ഊഷ്മളമായ സ്വീകരണമാണ് മന്ത്രിക്ക്‌ നൽകിയത്.