varkkala

വർക്കല: കേരളത്തിൽ ആർദ്രം പദ്ധതിക്ക് തുടക്കം കുറിച്ച ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രം ഇപ്പോൾ ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുകയാണ്. പദ്ധതി നടപ്പിലാക്കിയതോടെ കൂടുതൽ രോഗീസൗഹൃദ അന്തരീക്ഷമുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. സി.എച്ച്.സികളിൽ പോലും ഇല്ലാത്ത തിരക്കാണ് ഇവിടെ ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന ആശുപത്രികൂടിയാണ് ചെമ്മരുതിയിലേത്. ഏത് പ്രായത്തിലുള്ളവർക്കും ഉള്ള ചിത്സാസൗകര്യം ഇവിടെ ലഭിക്കുന്നതിനാൽ സമീപ പഞ്ചായത്തുകളിൽ നിന്നും ജനങ്ങൾ ഇവിടെ എത്താറുണ്ട്. കുടുംബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി സൂക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളുണ്ട്. ദിവസേന നൂറിലേറപ്പേർ ആശ്രയിക്കുന്ന ലബോറട്ടറിയും ഇ.സി.ജി. സെന്ററും കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.

വയോജന സൗഹൃദമാണ് ഇവിടുത്തെ ജെറിയാട്രിക് ക്ലിനിക്ക്. സ്ഥിരമായി മരുന്ന് കഴിക്കേണ്ടവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ സൗജന്യമായി ഒന്നിച്ച് നൽകും. നേത്രരോഗങ്ങളെ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിന് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആരംഭിച്ച നയനാമൃതം ക്ലിനിക്ക് നേത്രരോഗികൾക്ക് ആശ്വാസമാണ്.