തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന് ശേഷം പ്രഖ്യാപിച്ച സാലറി ചലഞ്ചിലൂടെ ലഭിച്ച തുകയിലും ചലഞ്ചായിരിക്കുകയാണ്.
സാലറി, പെൻഷൻ ചലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വെബ്സൈറ്റിൽ ഈ മാസം 13 വരെയുള്ള കണക്കനുസരിച്ച് 1205.18 കോടി രൂപയാണ് കാണിക്കുന്നത്.എന്നാൽ വിവരാവകാശ നിയമപ്രകാരം ട്രഷറിയിൽ നിന്ന് ലഭ്യമായ കണക്ക് പ്രകാരം 1501.98 കോടി സാലറി, പെൻഷൻ ചലഞ്ചുകൾ വഴി ലഭിച്ചെന്നാണ് പറയുന്നത്. ഈ മാസം അഞ്ച് വരെയുള്ള കണക്കാണിത്.വിവരാവകാശ പ്രവർത്തകൻ രാജീവ് കേരളശ്ശേരി ആണ് കണക്കിലെ പിശക് ചൂണ്ടിക്കാട്ടി ഫേസ്ബുക് പോസ്റ്റ് ഇട്ടത്. കോടതിയുടെ നിരീക്ഷണത്തിലുള്ളതും പല തട്ടിലൂടെ ഓഡിറ്റ് ചെയ്യപ്പെടുന്നതുമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കണക്കിൽ തെറ്റ് വരാനിടയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ട്രഷറി ഡയറക്ടറേറ്റിൽ പറ്റിയ തെറ്റായിരിക്കണം. ഇക്കാര്യത്തിൽ അടിയന്തര പരിശോധന വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.