k-m-basheer-death
k m basheer death

തിരുവനന്തപുരം: ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിച്ച കേസിൽ ബഷീറിന്റെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായില്ല. അപകടമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ബഷീറിന്റെ ഫോൺ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവർത്തകർക്കോ പൊലീസിനോ ഫോൺ ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് ആരോ അപഹരിച്ചതായും സംശയിക്കുന്നുണ്ട്. അപകടത്തിൽപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ബഷീർ റോഡരികിൽ ഫോണിൽ സംസാരിച്ച് നിൽക്കുന്നത് കണ്ടതായി ദൃക്സാക്ഷി മൊഴികളുണ്ട്. അപകടമുണ്ടായതിന് പിന്നാലെ സംഭവസ്ഥലത്ത് വഴിയാത്രക്കാരും പൊലീസും എത്തിയെങ്കിലും ഇവർക്കാർക്കും ഫോൺ ലഭിച്ചതായി സൂചനയില്ല. അടുത്ത ദിവസം രാവിലെ മഹസറെഴുതാൻ എത്തിയ പൊലീസുകാർക്കും ഫോണോ, അപകടത്തിൽപ്പെട്ട് തകർന്നുപോയെങ്കിൽ അതിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.