കോവളം: നഗരസഭയുടെ തിരുവല്ലം വാർഡിൽ ഉൾപ്പെടുന്ന പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിനു സമീപം വില്യം ചിറ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് വെല്ലുവിളിയാകുന്നു. ചുടുകാട് ക്ഷേത്രത്തിൽ നിന്ന് എളുപ്പമാർഗം പാച്ചല്ലൂർ ഗവ. എൽ.പി.എസ് റോഡിലേക്ക് എത്തുന്ന പ്രധാന റോഡാണ് വെള്ളത്തിൽ മുങ്ങിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് പെയ്തമഴയിൽ ക്ഷേത്രത്തിനു സമീപം മുതൽ കലുങ്ക് ജംഗ്ഷൻ വരെയുള്ള 250 മീറ്ററോളം ദൂരം രണ്ടര അടിയോളം വെള്ളം ഉയർന്നത്. വർഷങ്ങൾക്കു മുൻപ് നിലവിൽ ഇവിടെ ഉണ്ടായിരുന്ന ഓട അടഞ്ഞതും വെള്ളം ഒലിച്ചു പോകാൻ ഇടമില്ലാത്തതുമാണ് റോഡിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമായത്. മഴ വെള്ളത്തിൽ നിന്ന് അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ പ്രദേശത്തെ വീടുകളിലെ മുന്നിൽ വന്നടിയുന്നത് കാരണം ദുർഗന്ധവും വമിക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരുമാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴവെള്ളം ഒലിച്ചു പോകാൻ ഇടമില്ലാതെ വില്യംതറ റോഡരികിൽ താമസക്കാരിയായ ബേബിക്കും കുടുംബത്തിനും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. 10 വർഷം കൊണ്ടാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. മാറി മാറിവരുന്ന ജനപ്രതിനിധികൾ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പിന്മേൽ വോട്ട് ചോദിച്ച് ഇവിടെ എത്താറുണ്ടെന്നും ജയിച്ചു കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കാറില്ലന്നും പ്രദേശവാസിയായ ബേബി പറയുന്നു. മലിനജലത്തിൽ ചവിട്ടി നിരന്തരം സഞ്ചരിക്കുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായും കുട്ടികൾക്ക് ത്വഗ് രോഗങ്ങൾ പിടിപെട്ടതായും വീട്ടമ്മമാർ പറയുന്നു. വെള്ളം പൊങ്ങുമ്പോൾ സമീപത്തെ കുട്ടികൾ വീട്ടുകാരറിയാതെ പുറത്തിറങ്ങുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്. അടുത്തിടെ വെള്ളക്കെട്ട് രൂപപ്പെട്ടതിനു സമീപം റോഡരികിലെ ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ഇവിടേക്ക് ഒഴുകിയെത്തുകയാണ്. റോഡിൽ വെള്ളം തങ്ങി നിൽക്കുന്നത് കാരണം സ്വകാര്യ വ്യക്തികളുടെ മതിലുകളും തകർച്ചയുടെ വക്കിലാണ്. സംഭവത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാർ.