paarassala-panchayath

പാറശാല: പരിസര മലിനീകരണവും പ്ലാസ്റ്റിക് മലിനീകരണവും സമൂഹത്തിന്റെ വിപത്തായി മാറുമ്പോൾ മലിനീകരണം ഇല്ലാതാക്കാനും പ്ലാസ്റ്റിക്കിനെ തടയാനും ബോധവത്കരണമുൾപ്പെടെയുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ബൃഹത് പദ്ധതികളാണ് പാറശാല ഗ്രാമ പാഞ്ചായത്ത് നടപ്പിലാക്കുന്നത്. പദ്ധതി പഞ്ചായത്തിലെ ആറ് മേഖലകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള പഞ്ചായത്ത് അധികാരികളും പൊതുജന പ്രതിനിധികളും ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന സമിതികളിൽ വാർഡ് മെമ്പർമാർ, രാഷ്ട്രീയ പ്രതിനിധികൾ, സ്‌കൂൾ പി.ടി.എ പ്രതിനിധികൾ, ഹരിത കർമ്മസേനാംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധസേന പ്രവർത്തകർ, കലാകായിക യുവജന സംഘടന പ്രതിനിധികൾ, ലൈബ്രറി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ,സാമൂഹ്യ സേവന രംഗത്തെ ആളുകൾ തുടങ്ങിയവർ അംഗങ്ങളാകുന്നതാണ്. സമ്പൂർണ ശുചിത്വം നടപ്പിലാക്കുന്നതിനായി വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ച് പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യങ്ങൾ കത്തിക്കുന്നത് തടയുന്നതിനും പകരം ഉറവിടങ്ങളിൽ വച്ച് തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായുള്ള തീരുമാനങ്ങൾ എടുക്കുന്നതാണ്.

പുറംതള്ളുന്ന വസ്തുക്കളിലെ ജൈവ മാലിന്യങ്ങൾ ഉത്പാദന സ്ഥലങ്ങളിൽ വച്ച് തന്നെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങൾ പഞ്ചായത്തിലെ വാർഡുകൾ തോറും വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്ന കർമ്മസേനാംഗങ്ങളുടെ സഹായത്താൽ ശേഖരിച്ച് സംസ്കരിക്കും.

വീടുകളിലും മറ്റുമുള്ള ജൈവ മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. ഒപ്പം ഇതിനായി വേണ്ട സാമഗ്രികൾ 90 ശതമാനം വില കുറച്ച് ഉപഭോക്താക്കൾക്ക് പഞ്ചായത്ത് തന്നെ വാങ്ങി നൽകും.

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ വസ്തുക്കൾ മർമ്മസേനാംഗങ്ങൾ യൂസേഴ്സ് ഫീ വ്യവസ്ഥയിൽ ശേഖരിച്ച ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.