ഉടൻ പരസ്യപ്രതികരണം വേണ്ടെന്ന് ധാരണ

തിരുവനന്തപുരം: എറണാകുളത്ത് എൽദോ എബ്രഹാം എം.എൽ.എ അടക്കമുള്ള സി.പി.ഐ നേതാക്കൾക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് നിർദ്ദേശിച്ച് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് കൈമാറിയതോടെ സി.പി.ഐ വെട്ടിലായി. പൊലീസിനെതിരെ നടപടി വൈകുന്നതിൽ എറണാകുളത്ത് പാർട്ടിക്കുള്ളിൽ അമർഷം കനക്കുന്നതിനിടെയാണ് പൊലീസിനെ കുറ്റവിമുക്തരാക്കുന്നെന്ന വിവരം ഇന്നലെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെയാണ് സി.പി.ഐ നേതൃത്വം ആശയക്കുഴപ്പത്തിലായത്.

സ്വന്തം സർക്കാർ ഭരിക്കുമ്പോൾ എം.എൽ.എയും പാർട്ടി ജില്ലാ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്ക് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത് സൃഷ്ടിച്ച നാണക്കേട് ചെറുതല്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ അയഞ്ഞ സമീപനം സ്വീകരിച്ചത് താഴെത്തട്ടിൽ പ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. സംഭവമുണ്ടായ ഉടൻ വസ്തുതാന്വേഷണത്തിന് എറണാകുളം ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയതായിരുന്നു ആശ്വസിക്കാനുള്ള പിടിവള്ളി.

കളക്ടറുടെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും നടപടി പിന്നെയും നീണ്ടു. റിപ്പോർട്ടിൽ ചില വിശദീകരണങ്ങൾ ചോദിച്ചിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് നടന്നിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടു. ഈ ഘട്ടത്തിലാണ് ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. സർക്കാർ ഈ റിപ്പോർട്ട് ശരിവയ്ക്കുകയും പൊലീസുകാർക്കെതിരെ നടപടിയില്ലാതിരിക്കുകയും ചെയ്താൽ അണികൾക്ക് മുന്നിൽ പിടിച്ചു നിൽക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് കുറ‌ഞ്ഞപക്ഷം എറണാകുളം ജില്ലാ നേതൃത്വത്തിന് മുമ്പിലെങ്കിലുമുള്ളത്. കാനത്തിനും വിമർശനങ്ങൾക്ക് മറുപടി നൽകേണ്ടി വരും.

അതേസമയം, ഈ ഘട്ടത്തിൽ പ്രതികരിച്ച് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടേണ്ടെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വം. സർക്കാർ തീരുമാനം ഔദ്യോഗികമായി വരട്ടെ, എന്നിട്ട് പ്രതികരിക്കാം എന്നാണ് സമീപനം. കാനം ആയുർവേദ ചികിത്സയിലാണ്. ഈ മാസം 29നേ ഇനി സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നുള്ളൂ.

എറണാകുളം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തിയ കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിഷനും നടപടികളിലേക്ക് കടന്നിട്ടില്ല. എക്സിക്യൂട്ടീവ് തീരുമാനം വന്നതിന് പിന്നാലെ പ്രളയമുണ്ടായതിനാൽ നേതാക്കൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായി. കമ്മിഷന്റെ പരിശോധനാ നടപടികൾ വൈകാൻ ഇതു കാരണമായെന്ന് സി.പി.ഐ വൃത്തങ്ങൾ പറഞ്ഞു.