കാഞ്ചീപുരം: 48 നാൾ. കോടി ദർശനം. അനന്തരം ഇന്നലെ രാത്രിയിൽ അത്തിവരദർ അനന്തസരസ് പുഷ്കരണി തീർത്ഥത്തിലേക്ക് മറഞ്ഞു. ഇനി ഉയിർപ്പ് 2059ൽ മാത്രം. ഇതോടെ കാഞ്ചീപുരം പട്ടണത്തെ ജനസാഗരത്തിൽ മുക്കിയ 40 വർഷത്തിലൊരിക്കൽ നടക്കാറുള്ള ഉത്സവത്തിനും സമാപനമായി. ഇന്നു മുതൽ എത്തുന്ന ഭക്തർക്ക് അത്തി വരദർ ശയിക്കുന്ന തീർത്ഥം കണ്ടു മടങ്ങാനെ കഴിയൂ.
ജൂലായ് ഒന്നിനു തുടങ്ങിയ ഉത്സവത്തിൽ അത്തിവരദരെ ദർശിക്കാനായി ഒരു കോടിയിൽപരം ഭക്തർ രാജ്യമെമ്പാടും നിന്നെത്തിയിരുന്നു. പത്തു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു 150 പേർക്ക് പരിക്ക് പറ്റി. അവസാനനാളായ 16ന് നാലു കിലോമീറ്ററോളം ക്യൂ ഉണ്ടായിരുന്നു. അവസാന നാളുകളിൽ പട്ടണത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി എ.പനീർശെൽവം, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, മുൻ പ്രധാനമന്ത്രി എച്ച്. ഡി.ദേവഗൗഡ, സൂപ്പർതാരം രജനികാന്ത്, നടി നയൻതാര തുടങ്ങി നിരവധി പ്രമുഖർ ദർശനം നടത്തി. ഇന്നലെ രാത്രി പ്രത്യേക പൂജകൾക്ക് ശേഷമാണ് തീർത്ഥത്തിലേക്ക് വിഗ്രഹം കൊണ്ടു പോയത്..
അടുത്ത 40 വർഷം വിഗ്രഹം പുഷ്കരണി തീർത്ഥത്തിലായിരിക്കും.
12 അടി നീളമുള്ള വെള്ളിപേടകത്തിലാക്കിയാണ് 9 അടി നീളമുള്ള വിഗ്രഹം താഴ്‌ത്തിയത്.
ദർശന കാലം നീട്ടില്ല
ഭക്തജനങ്ങളുടെ തിരക്കു പരിഗണിച്ചു ദർശന കാലയളവ് നീട്ടണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് ഹിന്ദു മഹാസഭ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകൾ നൽകിയ പൊതുതാൽപര്യ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി.