മലയിൻകീഴ്: വിളവൂർക്കൽ വേങ്കൂരിൽ ജനവാസ മേഖലയിൽ ലോറിയിൽ മാലിന്യം നിക്ഷേപിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മണക്കാട്, കൊത്തുവാൽ തെരുവ് ടി.സി. 31/518 -ൽ എൽ. അനിൽകുമാർ പള്ളിച്ചൽ, വെടിവച്ചാൻകോവിൽ അയണിവിള, പുന്നവിള പുത്തൻ വീട്ടിൽ ഡി. സെൽവരാജ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ കൊണ്ട് വന്ന മാലിന്യങ്ങൾ റോഡിന്റെ പല ഭാഗങ്ങളിലായിട്ടാണ് കൊണ്ട് ഇട്ടത്. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വിജയൻ, വാർഡ് അംഗം സജീനകുമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ സ്ഥലം സന്ദർശിച്ചു. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പിടിയിലായവരുടെ പേരിൽ പ്രത്യേക അധികാരം ഉപയോഗിച്ച് 10,000 രൂപ പിഴ ചുമത്തുമെന്ന് പഞ്ചയാത്ത് പ്രസിഡന്റ് വി. അനിൽകുമാർ അറിയിച്ചു.