കാട്ടാക്കട: ചെന്നൈ സ്വദേശികളായ രാമലിംഗവും ശിവരാജും, പ്രായം അറുപത് കഴിഞ്ഞു. പക്ഷേ ഇവരുടെ ലക്ഷ്യം ചെറുപ്പക്കാരുടെ ഉള്ളിൽ സൈക്കിൾ സവാരി നടത്തിയാലോ എന്ന ചിന്ത ഉണ്ടാക്കുകയാണ്. 67ഉം 62ഉം വയസ് പ്രായമുള്ള ഇവർ ചെന്നൈയിൽ നിന്നും നാല് ദിവസം കൊണ്ട് 700 കി.മീ സഞ്ചരിച്ച് കന്യാകുമാരിയിലും തുടർന്ന് നെയ്യാർ ഡാമിലും എത്തി. ആലപ്പുഴ,കൊച്ചി വഴി കർണാടകയിലും,ആന്ധ്രയിലും വില്ലേജ് റോഡുകളിലൂടെ സഞ്ചരിച്ച് നാല് സംസ്ഥാനങ്ങൾ താണ്ടി തിരികെ ചെന്നൈയിൽ 15 ദിവസം കൊണ്ട് എത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. കലണ്ടർ വർഷത്തിൽ എഴുനൂറിലധികം കിലോമീറ്റർ സൈക്കളിംഗ് നടത്തുന്നവർക്കുള്ള സൂപ്പർ റാണ്ടനർ ബഹുമതി നിരവധി തവണ സ്വന്തമാക്കിയിട്ടുള്ളവരാണ് ഇരുവരും.
തമിഴ്നാട്ടിൽ ചൂട് കാരണം സൈക്കളിംഗ് ശ്രമകരമാണ്. കേരളത്തിൽ തണുത്ത കാലാവസ്ഥ കൂടുതൽ ദൂരം സൈക്കിൾ ചവിട്ടാൻ സഹായിക്കുന്നു. കേരളത്തിലെ പ്രകൃതി കാഴ്ചകളും പച്ചപ്പും പ്രത്യേക ഊർജ്ജം പകരുന്നത് കൊണ്ട് ക്ഷീണമില്ലാതെ സൈക്കിൾ സവാരി ആസ്വദിക്കാൻ കഴിയുന്നുവെന്നും ഇവർ പറയുന്നു. അതെ സമയം കേരളത്തിൽ പ്രളയം ബാധിച്ച് അനേകർ ദുരിതം നേരിടുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും ഇവർ പറയുന്നു.