തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടത്താൻ
സാദ്ധ്യത. നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കുന്ന സാഹചര്യത്തിലാണിത്. . ഉപതിരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ നടന്നേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സൂചനകളൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.നവംബറിലാണ് ഉപതിരഞ്ഞെടുപ്പെങ്കിൽ ഒക്ടോബറിലും, ഒക്ടോബറിലാണെങ്കിൽ അടുത്ത മാസം പകുതിയോടെയും വിജ്ഞാപനമിറങ്ങും.
വട്ടിയൂർക്കാവ്, കോന്നി, പാലാ, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് . കോൺഗ്രസ് സിറ്റിംഗ് എം.എൽ.എമാരായിരുന്ന കെ. മുരളീധരൻ (വട്ടിയൂർക്കാവ്), അടൂർ പ്രകാശ് (കോന്നി), ഹൈബി ഈഡൻ (എറണാകുളം) എന്നിവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതാണ് ഈ മൂന്നിടത്തും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എയായിരുന്ന എ.എം. ആരിഫ് ആലപ്പുഴയിൽ നിന്ന് ജയിച്ച് എം.പിയായതോടെയാണ് അരൂരിൽ ഉപതിരഞ്ഞെടുപ്പ്. കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് പാലായിലും പി.ബി. അബ്ദുൾറസാഖ് അന്തരിച്ചതിനെ തുടർന്ന് മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുങ്ങി.