anas

തിരുവനന്തപുരം : നാട്ടിൻപുറത്തെ ഒാട്ടമത്സരത്തിൽ ഒന്നാമതെത്തിയതിന് സമ്മാനമായി ലഭിച്ച ഒാട്ടുവിളക്കിൽ നിന്ന് രാജ്യത്തിന്റെ അർജുന തിളക്കത്തിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് മുഹമ്മദ് അനസ്.

തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തിയായ നിലമേലിലെ വളയിടമെന്ന കൊച്ചുഗ്രാമത്തിൽനിന്ന് ഒളിമ്പിക്സിലേക്കും കോമൺവെൽത്ത് ഗെയിംസിലേക്കും ഏഷ്യൻ ഗെയിംസിലേക്കുമുള്ള അനസിന്റെ യാത്രയ്ക്ക് വെളിച്ചം വീശാൻ നിരവധിപേരുണ്ടായിരുന്നു. തനിക്ക് സാദ്ധ്യമാക്കാൻ കഴിയാതിരുന്ന കായിക സ്വപ്നങ്ങൾ മകനിലൂടെ പൂവണിയുന്നതു മുഴുവനായി കാണും മുമ്പ് മരണത്തിലേക്ക് മറഞ്ഞ പിതാവും ഭർത്താവിന്റെ വേർപാടിലും മകനെ കോതമംഗലം മാർബേസിൽ സ്കൂളിലെ ഹോസ്റ്റിലിലേക്ക് അയയ്ക്കാൻ തയ്യാറായ മാതാവുമൊക്കെ അനസിന്റെ ഇൗ നേട്ടത്തിലേക്കുള്ള ആദ്യപടിയായിരുന്നു.

400 മീറ്റർ ഒാടാൻ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാത്ത നിലമേലിൽ തനിക്ക് ലഭിക്കാതെപോയ പരിശീലനം പുതിയ കുട്ടികൾക്ക് ലഭിക്കണമെന്ന വാശിയോടെ സ്പോർട്സ് ക്ളബുണ്ടാക്കിയ അൻസർ എന്ന പരിശീലകനാണ് അനസിന്റെ കായിക വഴിയിലെ ഏറെ തിളക്കമുള്ള വിളക്കുമരം. എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിലെ കുണ്ടും കുഴിയും നിറഞ്ഞ ട്രാക്കിലൂടെ അനസിനെ ഒാടിക്കുകയും ചാടിക്കുകയും ചെയ്ത അൻസർ അവനിലൊരു മികച്ച അത്‌ലറ്റിന്റെ തിളക്കം കണ്ടു. തന്നെക്കൊണ്ടുമാത്രംഅത് ഉരച്ചുമിനുക്കിയെടുക്കാൻ കഴിയില്ലെന്നതിനാൽ അവന് വളരാനുള്ള വഴികളന്വേഷിച്ചു മുന്നിട്ടിറങ്ങി. അങ്ങനെയാണ് മാർബേസിലിന്റെ വാതിൽ അനസിന് മുന്നിൽ തുറക്കുന്നത്.

മാർബേസിലിൽ ലോംഗ് ജമ്പറായിരുന്ന അനസിനെ ഒാട്ടക്കാരനായി മാറ്റുന്നത് അപ്രതീക്ഷിതമായി റിലേ ടീമിൽ ആളില്ലാതെ വന്നതാണ് . മാർബേസിലിലെ കോച്ചായിരുന്നഷിബി റിലേ ടീമിൽ ആള് തികയ്ക്കാൻ അനസിനെ വിളിച്ചു. 2012ലെ സ്റ്റേറ്റ് സ്കൂൾ മീറ്റിൽ അനസിന്റെ ഒാട്ടം വിസ്മയമായി. പിന്നെ ലോംഗ് ജമ്പ് നിറുത്തി 400 മീറ്ററിലേക്ക് തിരിഞ്ഞു.മാർബേസിലിൽനിന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലേക്ക് . അവിടെനിന്ന് കേരള ടീമിലേക്കും ഇന്ത്യൻ ടീമിലേക്കും.

ശ്രീകൃഷ്ണ കോളേജിൽവച്ച് സ്പോർട്സ് കൗൺസിലിലെ കോച്ചായ പി.ബി. ജയകുമാറിന്റെ അടുക്കലെത്തിയതോടെയാണ് അനസിന്റെ പെർഫോമൻസിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്. നാലുവർഷത്തോളം അനസ് ജയകുമാറിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാമ്പിലേക്ക് പോയെങ്കിലും കോമൺ വെൽത്ത് ഗെയിംസിന് മുമ്പ് വീണ്ടും ജയകുമാറിന് അടുക്കലെത്തി.

2015 ലെ ദേശീയ ഗെയിംസിൽ കേരളത്തിനായി റിലേ മെഡൽ നേടിയ ടീമംഗമായിരുന്നു. 2015 ഒക്ടോബറിൽ പോളിഷ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലെ ആരോക്യ രാജീവിന്റെ ദേശീയ റെക്കാഡ് തകർത്തെറിഞ്ഞ സെമിയിലെ പ്രകടനം. ഫൈനലിൽ കൃത്യം ഒളിമ്പിക് യോഗ്യതാമാർക്കായ 45.40 സെക്കൻഡിൽ ഫിനിഷ് ചെയ്ത റിയോയിലേക്കുള്ള ടിക്കറ്റെടുത്തു.

സാക്ഷാൽ മിൽഖാസിംഗിനും കെ.എം. ബിനുവിനും ശേഷം ഒളിമ്പിക്സിൽ 400 മീറ്ററിൽ മത്സരിച്ച ഇന്ത്യക്കാരനായാണ് അനസ് റിയോയിൽ നിന്ന് മടങ്ങിയത്. 2017 ൽഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും 400 മീറ്റർ റിലേയിലും സ്വർണം അനസിനായിരുന്നു. 2018 ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ തലനാരിഴയ്ക്ക് വെങ്കല മെഡൽ നഷ്ടമായി. എന്നാൽ അതിന് പിന്നാലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകളുമായി മിന്നിത്തിളങ്ങി. 400 മീറ്ററിൽ വെള്ളി നേടിയ അനസ് മിക്സഡ് റിലേയിലും പുരുഷ റിലേയിലുമാണ് മറ്റ് മെഡലുകൾ നേടിയത്. മിക്സഡ് റിലേയിൽ അനസ്, ആരോക്യ രാജീവ്, പൂവമ്മ, ഹിമദാസ് എന്നിവരടങ്ങിൽ ടീം രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. എന്നാൽ ഒന്നാമതെത്തിയ ബഹ്റൈൻ ടീമിലെ കെമി അഡിക്കോയ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീമിന്റെ വെള്ളി സ്വർണമായി ഉയർത്തപ്പെട്ടു.

ഇൗ വർഷവും അനസ് മികച്ച ഫോമിലാണ്. ചെക്ക് റിപ്പബ്ളിക്കിൽ നടന്ന ക്ളാഡ്നോ ക്ളാസിക് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ 45.21 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്വന്തം റെക്കാഡുതന്നെ തിരുത്തിയെഴുതിക്കഴിഞ്ഞു. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന് അനസിനറിയാം. അതിനായി കഠിനപരിശ്രമത്തിലാണ് ഇന്ത്യൻ ടീമിനൊപ്പം തുർക്കിയിൽ പരിശീലനം നടത്തുന്ന ഇൗ 25 കാരൻ.

ഇന്നലെ അനസിനെ രാജ്യം അർജുനയ്ക്കായി തിരഞ്ഞെടുക്കുമ്പോൾ അനുജനായ അനീസ് മറ്റൊരു സ്വർണക്കുതിപ്പിലായിരുന്നു. തിരുവനന്തപുരം ജില്ല അത്‌‌ലറ്റിക് മീറ്റിലെ ലോംഗ് ജമ്പ് പിറ്റിൽ. അനസിന്റെ വഴിയേ അത്‌ലറ്റിക്സിലേക്കിറങ്ങിയ അനീസ് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞ ലോംഗ് ജമ്പറാണ്. കാര്യവട്ടം എൽ.എൻ.സി.പി.ഇയിലാണ് അനീസിന്റെ പരിശീലനം.

ഇൗ അർജുന പ്രളയബാധിതർക്ക്

തനിക്ക് അർജുന അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പുരസ്കാരം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും അനസ് പറഞ്ഞു.