jose

ഉള്ളൂർ: അയൽക്കാരന്റെ വീടിന് തീവച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. കോതമംഗലം പുത്തൻപുരയ്ക്കൽ സ്വദേശി ജോസ് (52) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലോഡ്ജുകളിലും ഹോട്ടലുകളിലും നടത്തിയ സുരക്ഷാ പരിശോധനകൾക്കിടെയാണ് സബ് ഇൻസ്‌പെക്ടർ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ജോസ് തന്റെ അയൽക്കാരനായ ലാലി മാത്യൂസിന്റെ വീട്ടിൽ രാത്രി ഓട് പൊളിച്ച് കയറി വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീയിട്ടത്. ഇരുവരുമായി നേരത്തെ വസ്തുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീട് കത്തിക്കലിൽ കലാശിച്ചത്. സംഭവ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗത്തുള്ള ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം

നടത്തുകയായിരുന്നു. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സി.പി.ഒ വിനീത്, നിഷാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.