നെയ്യാറ്റിൻകര: താലൂക്കിൽ മാത്രം സമാന്തര ട്രക്കർ- ടെമ്പോ സർവീസ് നടത്തി ഉപജീവന മാർഗം കണ്ടെത്തിയിരുന്നത് അയ്യായിരത്തിലേറെ തൊഴിലാളികളാണ്. എന്നാൽ ഇന്ന് ഇവരുടെ മുന്നോട്ടുള്ള ജീവിതം ഏതാണ്ട് വഴിമുട്ടിയ മട്ടാണ്. ഇവർക്ക് ആകെ അറിയാവുന്ന ജോലി ട്രൈവിങ്ങ് മാത്രം. മറ്റൊരിടത്തും ജോലി കിട്ടാതായതോടെയാണ് പലരും ബാങ്കുകലിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും ഭീമമായ തുക പലിശയ്ക്കെടുത്ത് പലരും ട്രക്കറും ടെമ്പോയും വാങ്ങി സമാന്തര സർവീസ് നടത്താൻ തുടങ്ങിയത്. അതും ഉദ്ധ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്. എന്നാൽ ബസ്സില്ലാത്ത റൂട്ടുകളിൽ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിട്ടുള്ള സമാന്തര സർവീസുകാർ മോട്ടോർ വാഹന വകുപ്പിന് എന്നും തലവേദനയാണ്. നെയ്യാറ്റിൻകര താലൂക്കിലെ ഇടറൂട്ടുകളിലൊക്കെ ഇത്തരം ട്രക്കർ ടെമ്പോകൾ നാട്ടുകാരുടെ പ്രിയപ്പെട്ട ജനകീയ വാഹനങ്ങളാണ്. അതു കൊണ്ടാണ് അധികൃതർ പിടികൂടിയാലും നാട്ടിൽ ഇവർ സുസമ്മതാരായി മാറുന്നത്. എന്നാൽ കൃത്യമായ വരുമാനം കിട്ടാത്തതും അടിക്കടി ഉദ്യോഗസ്ഥർ പിടികൂടുന്നതും പിന്നീടുള്ള പിഴയുമെല്ലാം ഇവരുടെ മുന്നിൽ വെല്ലുവിളി ഉയർത്തുകയാണ്.

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും കവളാകുളം വഴി മണലിവിളയിലേക്ക് ബസ് സർവീസുകൾ ഇല്ല. പകരം ഇവിടുത്തെ ജനങ്ങളുടെ സഞ്ചാര മാർഗം സമാന്തര സർവീസായ ' പുഞ്ചിരി"യാണ്. ഏതാണ്ട് മൂന്ന് കി.മീ ദൂരമുള്ള യാത്രയ്ക്ക് ഏക ആശ്രയമാണ് ഈ പുഞ്ചിരി ബസ്. അനധികൃതമായി സർവീസ് നടത്തുന്നതിനാൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പുഞ്ചിരിയുടെ യാത്ര. എങ്കിലും ഇവിടുത്തെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഈ സമാന്തര സർവീസിനെയാണ്.