ആലപ്പുഴ: പ്രളയത്തിന്റെ ഓർമ്മകൾ നടുക്കുന്നവയാണെങ്കിലും പുളിങ്കുന്ന് വളംപറമ്പിൽ തോമസ് ആന്റണിക്കും ഭാര്യ ഷേർളിക്കും അത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾ കൂടിയാണ്. ആ സന്തോഷത്തിന് നാളെ ഒരു വയസ്. അതിൽ പങ്കുചേർന്ന് രണ്ട് മാലാഖക്കുഞ്ഞുങ്ങൾ ചിരിതൂകുന്നു.
കഥ ഇങ്ങനെ: പ്രസവത്തിനുവേണ്ടിയാണ് ഷേർളി സൗദി അറേബ്യയിൽ നിന്ന് ഭർത്താവ് തോമസുമൊത്ത് നാട്ടിലെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ കുട്ടനാട് പുളിങ്കുന്നിലെ തോമസിന്റെ വീട്ടിലായിരുന്നു ഇരുവരും. അന്ന് മഴ തുടങ്ങി വെള്ളം പൊങ്ങിത്തുടങ്ങിയപ്പോഴും തോമസിനും കുടുംബത്തിനും അതൊരു പുതുമയായി തോന്നിയില്ല. പക്ഷേ, സ്ഥിതിഗതികൾ നിമിഷങ്ങൾക്കകം കൈവിട്ടുപോകുന്ന അവസ്ഥയായി. ഷേർളിക്ക് ഇരട്ടക്കുട്ടികളാണെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അതിനിടെയാണ് പ്രളയമെത്തുന്നത്. കുട്ടനാട് വെള്ളത്തിനടിയിലായിത്തുടങ്ങിയതോടെ ഷേർളിയുടെ വീടായ ആലുവയിലേക്ക് പോയി. പ്രളയം അവിടെയും എത്തി. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഭയവും കൊണ്ട് തളർന്ന ഭാര്യയുമായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന തോമസിനരികിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാരെത്തി.
നൊച്ചിമ ചാരിറ്റബിൾ വിംഗിലെ പ്രവർത്തകരായ അവരാണ് ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിൽ റൂമെടുത്ത് രണ്ട് പേരെയും അവിടേക്ക് മാറ്റിയത്. എവിടന്നോ ഒരു ജീപ്പ് എത്തിച്ച് ഇരുവരെയും മൂത്തമകൻ സാമുവലിനെയും ലോഡ്ജിലേക്ക് മാറ്റി. ജീപ്പിന്റെ ടയറിനൊപ്പം വെള്ളമുണ്ടായിരുന്നതായി തോമസ് ഓർക്കുന്നു. പിറ്റേന്ന് ഷെർളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയനിലൂടെ രണ്ട് മാലാഖ കുഞ്ഞുങ്ങൾക്ക് ഷേർളി ജന്മംനൽകി. അതാണ് അഭിഗലും ഡാനിയേലും. ജീവനും ജീവിതവും തിരികെ നൽകിയത് നൊച്ചിമ പ്രവർത്തകരാണെന്ന് തോമസ് ഈ പ്രളയകാലത്തും ഓർക്കുന്നു.