thikkurishi-temple-issue

കുഴിത്തുറ: തിക്കുറിശ്ശി ക്ഷേത്ര വിഗ്രഹ കവർച്ചക്കാരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഹിന്ദു മുന്നണി പ്രവർത്തകർ ക്ഷേത്രത്തിൽ നിന്ന് ജാഥയായി ചെന്ന് ക്ഷേത്രത്തിനു മുന്നിലുള്ള റോഡിന് സമീപം തലമുണ്ഡനം ചെയ്‌ത് എരുമക്കുട്ടിക്ക്‌ പരാതി നൽകി പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.12 ശിവക്ഷേത്രങ്ങളിൽ രണ്ടാമത്തേതും നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രവുമായ തിക്കുറിശ്ശി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് രാത്രി ശ്രീകോവിലിനുള്ളിലെ പൂട്ട് പൊട്ടിച്ച് ശീവേലി വിഗ്രഹവും വിഗ്രഹത്തിന്റെ പ്രഭയും സ്വർണാഭരണങ്ങളും കാണിക്ക പണവും കവർന്നിരുന്നു. അന്ന് മാർത്താണ്ഡം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം നിറുത്തിവയ്ക്കുകയായിരുന്നു. തമിഴ്നാട്ടിലുടനീളം നടന്നുവന്ന വിഗ്രഹ കവർച്ച സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടാകുമെന്നും ഇതിനാൽ ആ കേസുകൾ അന്വേഷിക്കുന്ന ഐ.ജി പൊൻ മാണിക്കവേലിന് ഈ അന്വേഷണ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു മുന്നണി പ്രവർത്തകരും ഭക്തജനങ്ങളും സമരം നടത്തിയത്. ഇതിൽ നൂറുകണക്കിന് പ്രവർത്തകരും ഭക്തജനങ്ങളും പങ്കെടുത്തു.