aug18a

ആറ്റിങ്ങൽ: നാട്ടുവിഭവങ്ങളിൽ നിന്ന് അകന്ന് ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ പിറകേ പായുന്ന പുതുതലമുറയോട് മലയാളിയുടെ സ്വന്തം വിഭവങ്ങളെക്കുറിച്ച് വിളിച്ചു പറഞ്ഞ് കുട്ടിച്ചന്തയുമായി എത്തിയ ചെമ്പൂർ ഗവൺമെന്റ് എൽ.പി.എസിലെ കുട്ടിക്കൂട്ടം കൗതുക കാഴ്ചയായി. കർഷക ദിനത്തിലാണ് വേറിട്ടൊരാശയവുമായി കുട്ടികൾ കുട്ടിച്ചന്തയിൽ ഒത്തുകൂടിയത്. നാട്ടു വിഭവങ്ങളായ ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചിൽ, പയർ, വാഴക്കൂമ്പ്, മുളക്, കറിവേപ്പില, മുരിങ്ങയില തുടങ്ങിയ ഇനങ്ങളാണ് കുട്ടികൾ മാർക്കറ്റിൽ ക്രമീകരിച്ചത്. അഗ്രോബാഗ് ഉപയോഗിച്ച് പയർ, ചീര എന്നിവ സ്കൂളിൽ തന്നെ കൃഷി ചെയ്താണ് എത്തിച്ചത്. മുതിർന്ന കർഷകനായ തെക്കേ പുത്തൻ വീട്ടിൽ രവീന്ദ്രൻ നായരുടെ കൃഷിത്തോട്ടം കുട്ടികൾ സന്ദർശിക്കുകയും അദ്ദേഹത്തോട് സംവദിക്കുകയും ചെയ്തു. വാഴയ്ക്കൊരു കൂട്ട്, കുട്ടിക്കൊരു കല്പവൃക്ഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും കൃഷി പാഠവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്നു വരികയാണ്.