തിരുവനന്തപുരം: കനത്ത ഗ്രൂപ്പ് പോരിനിടെ കോൺഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജ്യോതിഷ് എം.എസ്. പ്രസിഡന്റായും കെ.ബിനോദ് ജനറൽ സെക്രട്ടറിയുമായി മത്സരിക്കുന്ന പാനലാണ് ഔദ്യോഗികമെന്നാണ് ഇവരുടെ അവകാശവാദം. നിലവിൽ വൈസ് പ്രസിഡന്റായ സി.എൻ.അച്യുതൻ നായരാണ് വിമത പാനലിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി.
തുടക്കത്തിൽ നാല് പാനലുകളായി മത്സരിക്കാനിറങ്ങിയവർ, പിന്നീട് നേതൃതലത്തിലുണ്ടാക്കിയ ഒത്തുതീർപ്പ് ധാരണയനുസരിച്ച് രണ്ടു പാനലായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. എ, ഐ ഗ്രൂപ്പുകളിലെ രണ്ട് ചേരികൾ വീതം കൂട്ടുചേർന്നുള്ളതാണ് പുതിയ പാനലുകൾ. എ ഗ്രൂപ്പിൽ നിലവിലെ നേതൃത്വത്തിനെതിരായി നിലകൊള്ളുന്ന വിഭാഗം ചേരി തിരിഞ്ഞതോടെയാണ് ആദ്യം രണ്ട് പാനലുകളായത്. ഇരു വിഭാഗങ്ങളും നേതാവായി കാണുന്നത് ഉമ്മൻചാണ്ടിയെ തന്നെ. ഐ ഗ്രൂപ്പിലാകട്ടെ രമേശ് ചെന്നിത്തല അനുകൂലികളും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുകൂലികളുമാണ് ചേരിതിരിഞ്ഞത്. ഇരു കൂട്ടരും വെവ്വേറെ പാനലുകളുമായെത്തുകയായിരുന്നു. പിന്നീടുണ്ടായ ഒത്തുതീർപ്പ് ധാരണയിലാണ് എ ഗ്രൂപ്പിലെ വിമതവിഭാഗം കെ.സി. വേണുഗോപാൽ ഗ്രൂപ്പുമായി ചേർന്ന് ഒറ്റപാനലായി മത്സരിക്കാൻ തീരുമാനിച്ചത്. നിലവിലെ പ്രസിഡന്റ് ബെൻസി നേതൃത്വം നൽകുന്ന എ-യിലെ ഔദ്യോഗികവിഭാഗം നിലവിലെ ജനറൽ സെക്രട്ടറി ശ്രീകുമാർ നേതൃത്വം നൽകുന്ന ഐ-യിലെ ചെന്നിത്തല വിഭാഗവുമായി ചേർന്നുമാണ് മത്സരിക്കുക.