വർക്കല: പാപനാശം ബീച്ചിലും നോർത്ത് ക്ളിഫുകളിലുമെത്തുന്ന സ്വദേശ വിദേശ സഞ്ചാരികൾക്ക് വില്പനക്കായി കൊണ്ടുവന്ന വിവിധ തരത്തിലുളള മയക്കുമരുന്നുകളുമായി മയക്കുമരുന്നുകേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുളള യുവാവ് പിടിയിൽ. താമരക്കുളം വെളിച്ചം നഗറിൽ ഷെഹിനാദ് (30) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 60 സ്ട്രിപ്പ് നിട്രോസ്പെൻ ടാബ്ലറ്റുകളും 15ഗ്രാം എം.ഡി.എം.എ എന്ന ലഹരിമരുന്നും 150 എം.എൽ ഹാഷിഷ് ഓയിലും മയക്കുമരുന്നു തൂക്കി വില്പനയ്ക്കുളള ഇലക്ട്രോണിക് ത്രാസും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ വർക്കല ബീച്ചിൽ രാത്രി സമയത്ത് അക്രമ സ്വഭാവം കാണിച്ചതിനെ തുടർന്ന് വർക്കല പൊലീസ് ഇയാളെ സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊല്ലം സ്വദേശിയായ മയക്കുമരുന്നു വിതരണക്കാരനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ഇയാളുടെ മാതാപിതാക്കൾ ഇയാളെ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ടുപോകുകയും ഇയാൾക്ക് മയക്കുമരുന്ന് നൽകിയ സംഘത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഊർജ്ജിതമായി അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, നിട്രോസ്പെൻ എന്നീ മയക്കുമരുന്നുകൾ ബംഗളൂരുവിൽ നിന്ന് കേരളത്തിൽ കൊണ്ട് വന്ന് വില്പന നടത്തിയ വർക്കല നടയറ സ്വദേശിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ഷെഹിനാദ് അറസ്റ്റിലാകുന്നത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരൻ, വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി ജി.എസ്, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒ നാഷ്, ഷെമീർ, കിരൺ, ഡിസിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റുചെയ്തു.
ഫോട്ടോ അറസ്റ്റിലായ ഷെഹിനാദ്
ഫോട്ടോ പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ത്രാസും കഞ്ചാവ് ചെടിയുടെ ലോഗോയും