magic

വർക്കല: സ്വാതന്ത്റ്യമെന്നാൽ എന്തും ചെയ്യാനുള്ള അവകാശമല്ല എന്ന സന്ദേശം നൽകി ലോക റിക്കാഡ് നേടിയ യുവമാന്ത്റികൻ ഹാരിസ് താഹ, 'സ്വാതന്ത്റ്യംതന്നെ അമൃതം' എന്ന പേരിൽ അവതരിപ്പിച്ച സാഹസിക ജാലവിദ്യാപ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അറുപതടി നീളമുള്ള ചങ്ങലയും 45ഓളം താഴുകളും ഉപയോഗിച്ച് മാന്ത്റികനെ ബന്ധനസ്ഥനാക്കി. ശിരസ് പുറത്ത് വരത്തക്ക രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ബന്ധിച്ചു. മാന്ത്റികന്റെ തലയിലേക്ക് വീഴുന്ന തരത്തിൽ 180 കിലോഗ്രാം തൂക്കമുളള കൂറ്റൻ മഴു ടൈമറിന്റെ സഹായത്തോടെ ഒരുക്കിയിരുന്നു. 60സെക്കന്റ് പൂർത്തിയായപ്പോൾ മഴുവിനെ പിടിച്ചുനിറുത്തിയ ടൈമർ മഴുവുമായുളള ബന്ധം വിഛേദിക്കുകയും മഴു മാന്ത്റികന്റെ തലയിലേക്ക് വീഴുകയും ചെയ്യും. മാന്ത്റികനെ സ്റ്റാൻഡിൽ ബന്ധിച്ച ഉടനെ ടൈമർ പരവർത്തനം ആരംഭിച്ചു. 60സെക്കന്റ് പൂർത്തിയായപ്പോൾ മഴു താഴേക്ക് പതിച്ചു. എന്ത് സംഭവിച്ചു എന്നറിയാതെ കാണികൾ വീർപ്പടക്കി നിൽകുമ്പോൾ ദേശീയപതാകയുമേന്തി ചെറുപുഞ്ചിരിയോടെ മാന്ത്റികൻ കാണികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. വർക്കല മൈതാനം മുനിസിപ്പൽ പാർക്കിലായിരുന്നു താഹയുടെ ജാലവിദ്യാപ്രകടനം. രണ്ട് വർഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് അപകടം നിറഞ്ഞ ഈ എസ്കേപ്പ് മാജിക് ചെയ്യാൻ തയ്യാറായതെന്ന് താഹ പറഞ്ഞു. കേരളത്തിലെ മജിഷ്യന്മാരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജിഷ്യൻസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഹാരിസ് താഹ.