കിളിമാനൂർ: കർഷക സമൃദ്ധി വിളിച്ചോതി പ്രദേശത്തെ നെൽപാടങ്ങൾ പച്ചപ്പണിഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അടയമൺ ഏലായ്, പാപ്പാല, പുളിമാത്ത്, വെള്ളല്ലൂർ, കീഴ് പേരൂർ ഏലായ്കളാണ് ഒന്നാം വിളയിൽ സമൃദ്ധമായി പച്ചപ്പണിഞ്ഞത്. ആവശ്യത്തിന് ജലമില്ലാതെ മെയിൽ ഇറക്കേണ്ട ഒന്നാം വിളയാണ് ജൂലൈ ആദ്യ വാരത്തോടെ ഇറക്കിയത്. പൂർണ്ണമായും ജൈവ കൃഷിയിൽ അധിഷ്ഠിതമായ രീതിയാണ് ഇക്കുറി അവലംബിപ്പിച്ചിട്ടുള്ളത്. ബ്ലോക്കിലെ ഹരിത കർമ്മ സേന, വിവിധ ഏലായ് സമിതികൾ, പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തരിശ് നിലങ്ങൾ പൂർണ്ണമായും കൃഷിക്കായി ഇക്കുറി ഉപയോഗിച്ചിട്ടുണ്ട്.അടയമൺ ഏലായിൽ കഴിഞ്ഞ വർഷം 8 ഹെക്ടർ കൃഷി ഇറക്കിയിടത്ത് ഇക്കുറി 9 ഹെക്ടറോളം നിലങ്ങളാണ് കൃഷിക്കായി എടുത്തിട്ടുള്ളത്. പ്രളയം പ്രദേശത്ത് ബാധിക്കാത്തതിനാൽ കാര്യമായ കൃഷി നാശവും സംഭവിച്ചിട്ടില്ല. ഒന്നാം വിള സമയത്ത് ഇറക്കിയ ഏലാകളിൽ കതിരും അണിഞ്ഞിട്ടുണ്ട്. പഞ്ചായത്ത്തലത്തിലും, ബ്ലോക്ക് തലത്തിലും ,കൃഷിഭവനുകളും കൃഷിക്ക് വേണ്ട വളങ്ങളും, യന്ത്രോപകരണങ്ങളും നൽകുന്നതിനാൽ കർഷകരും ഉത്സാഹത്തിലാണ്. നഷ്ടപ്പെട്ടു പോയ നെൽ കൃഷി സംസ്കാരം വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കർഷകർ.