sndp

ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം മുതൽ മഹാസമാധി ദിനം വരെയുള്ള ഒരാഴ്ചക്കാലം ഗുരു സന്ദേശ പ്രബോധന വാരാചരണമായി ആചരിക്കുന്നതിന് സഭവിള ശ്രീനാരായണാശ്രമത്തിൽ ചേർന്ന വിവിധ ശ്രീനാരായണസംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഗുരു സന്ദേശ പ്രബോധന വാരാചരണം ജയന്തി ദിനമായ സെപ്‌തംബർ 13ന് രാവിലെ 11ന് ശാർക്കര ശ്രീനാരായണഗുരുക്ഷേത്ര മണ്ഡപത്തിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ. ബി. സീരപാണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് അവാർഡുകളും നിർദ്ധനരോഗികൾക്കു ചികിത്സാ സഹായവും വിതരണം ചെയ്യും. സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് 20വരെ ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ എല്ലാ ദിവസവും വൈകിട്ട് ഗുരുധർമ പ്രചാരണ പ്രഭാഷണങ്ങളും ഗുരുദേവ കൃതികളെ ഉൾപ്പെടുത്തിയുള്ള സംഗീതാവിഷ്‌കരണ പരിപാടികളും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിശേഷാൽ മഹാഗുരുപൂജയും ഉണ്ടാവും. സമാപന ദിവസമായ 21ന് രാവിലെ 11ന് ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ മഹാസമാധി സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തും. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഡി. വിപിൻരാജിന് സ്വീകരണം നൽകും. തുടർന്ന് വക്കം രമണി ടീച്ചർ നയിക്കുന്ന ഗുരുഭക്തിഗാനസുധ, വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിളക്ക്, ഗുരുപൂജ എന്നിവയോടെ ഗുരുസന്ദേശ പ്രചാരണ വാരാചരണം സമാപിക്കും. ഇന്നലെ സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സംയുക്ത സമ്മേളനം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ ഉദ്ഘാടനം ചെയ്‌തു. യോഗം കൗൺസിലർ ഡി. വിപിൻരാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ ജി. ജയചന്ദ്രൻ, സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്. സുന്ദരേശൻ, അജീഷ് കടയ്ക്കാവൂർ, വക്കം സജി, അജി കീഴാറ്റിങ്ങൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ. ജയലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ ചെയർമാനും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ജനറൽ കൺവീനറുമായി 201 പേരടങ്ങുന്ന സംഘാടക സമിതിയെ തിരഞ്ഞെടുത്തു.