pinarayi

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ,​ കഴിഞ്ഞ ഓണക്കാലം മുതൽ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളടങ്ങുന്ന കുടുക്കകളുമായി പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലെത്തി. കുടുക്കകൾ ഏറ്റുവാങ്ങിയ മുഖ്യമന്ത്രി കുട്ടികൾക്കുള്ള ഓണക്കോടികൾ താൻ നൽകുമെന്ന് വാക്കും നൽകി. ഇന്നലെ വി.ജെ.ടി ഹാളിൽ പത്തനാപുരം ഗാന്ധിഭവന്റെ 15–ാം വാർഷികാഘോഷവും തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ താക്കോൽദാന ചടങ്ങുമായിരുന്നു വേദി. ഗാന്ധിഭവനിലെ അന്തേവാസികളായ 25 കുട്ടികളാണ് വരിവരിയായി തങ്ങളുടെ കുടുക്കകൾ ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറിയത്. കഴിഞ്ഞ ഓണത്തിനുശേഷം വിഷുക്കൈ നീട്ടമായും മറ്റും കിട്ടിയ നാണയത്തുട്ടുകളുപയോഗിച്ച് ഇത്തവണ ഓണക്കോടി വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ,​ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടമായ കുരുന്നുകളുടെ വേദന ഈ കുഞ്ഞുമനസുകളെയും വേദനിപ്പിച്ചു. തുടർന്നാണ് തങ്ങളുടെ കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസത്തിനായി കൈമാറാൻ അവർ തീരുമാനിച്ചത്.

'നിങ്ങൾ നൽകിയ നാണയത്തുട്ടുകൾ വിലപ്പെട്ട നിധിയായി കണക്കാക്കുന്നു.ഗാന്ധിഭവൻ അധികൃതർ നിങ്ങൾക്ക് ഓണക്കോടി വാങ്ങിത്തന്നേക്കാം. എന്നാൽ, നിങ്ങൾക്കുള്ള ഓണക്കോടി ഞാൻ എത്തിക്കും',​ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജൻ മുഖേനെ ആയിരിക്കുമതെന്നും അദ്ദേഹത്തെ ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സദസ് അതിനെ വരവേറ്റത്. താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കെട്ടിവയ്ക്കാനുള്ള പണം നൽകിയ ഗാന്ധിഭവനിലെ അമ്മമാരെക്കുറിച്ചും മുഖ്യമന്ത്രി വാചാലനായി. വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ഒരുമാസത്തെ ശമ്പളമായ 70,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകർ 25,000 രൂപയും നൽകി. ഗാന്ധിഭവൻ തിരുവനന്തപുരത്ത് ആരംഭിച്ച റീജണൽ ഓഫീസിന്റെയും വാർഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന 15 പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പി.എച്ച്.അബ്ദുൾ ഗഫാർ മൗലവി, റവ.ഫാ.തോമസ് കുര്യൻ, ടി.കെ.എ.നായർ, കെ.ജയകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എം.നന്ദകുമാർ എന്നിവർ സംസാരിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സ്വാഗതവും കലാപ്രേമി ബഷീർ ബാബു നന്ദിയും പറഞ്ഞു.