photo

നെടുമങ്ങാട്: ചരിത്രമുറങ്ങുന്ന നെടുമങ്ങാടിന്റെ തിരുശേഷിപ്പുകളിൽ ബാക്കിയായ പഴകുറ്റിയിലെ ആൽമരവും ഒടുവിൽ വിസ്മൃതിയിലേക്ക്. വഴിയമ്പലവും ഗണപതി ക്ഷേത്രവും തയ്ക്കാവും വാണിജ്യ കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമായ ഭൂതകാലത്തെ ഓർമ്മിപ്പിച്ചിരുന്ന ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി ദയാവധം കല്പിച്ചിരിക്കയാണ് അധികൃതർ. കാറ്റത്ത് റോഡിലേയ്ക്ക് ചായ്ഞ്ഞതാണ് ശിഖരങ്ങൾ മുറിച്ചു മാറ്റിയതിന് റവന്യു അധികൃതർ നല്കുന്ന വിശദീകരണം. എന്നാൽ, ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കപ്പെടേണ്ട ആൽമരം മുറിച്ചു നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നാണ് ശിഖരങ്ങൾ മുറിച്ച് ആൽമരം നിലനിറുത്തിയത്. എം.സി റോഡിനെയും ചെങ്കോട്ട ഹൈവേയെയും ബന്ധിപ്പിക്കുന്ന റോഡുകൾ പഴകുറ്റിയിൽ ആൽമരത്തെ 'സാക്ഷിയാക്കിയാണ്' വഴിപിരിയുന്നത്. തിരക്കേറിയ ജംഗ്‌ഷനിലെ ഗതാഗത നിയന്ത്രണത്തിലും ആൽമരം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജംഗ്‌ഷനിലെ ഗതാഗത ക്രമീകരണം പോലും ഇതിനെ ചുറ്റിയാണ്. മലഞ്ചരക്ക്, സ്വർണ്ണ, വസ്ത്ര വ്യാപാരത്തിന് പേരുകേട്ട പട്ടണത്തിലെ ഏറ്റവും തിരക്ക് കൂടിയ കവലയാണ് പഴകുറ്റി. കിള്ളിയാറിന്റെ ഉത്ഭവ പ്രദേശമായ ഇവിടങ്ങളിൽ വണ്ടിക്കാളകളെ കെട്ടാനും കർഷകർക്ക് വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ചന്ത ദിവസങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് കാളവണ്ടികളിൽ ഉത്പന്നങ്ങളുമായി എത്തുന്ന കർഷകർക്കും വഴിയാത്രികർക്കും വിശ്രമിക്കാൻ രാജഭരണ കാലത്ത് നിർമ്മിച്ച ചുമടുതാങ്ങിയും വഴിയമ്പലവും അടുത്ത കാലം വരെ ആൽമരത്തിന് സമീപത്തുണ്ടായിരുന്നു. അനുബന്ധമായി അക്കാലത്ത് സ്ഥാപിച്ച ക്ഷേത്രവും തയ്‌ക്കാവും മാത്രമാണ് ഇനി ശേഷിക്കുന്നത്.

പുലയ പ്രതാപത്തിന്റെ പ്രതീകമായ കൊക്കോതമംഗലം കോട്ടയിലെ കോതറാണിയുടെ അന്ത്യം പഴകുറ്റിയിൽ വച്ചായിരുന്നുവെന്ന് രേഖപ്പെടുത്തലുണ്ട്. ആറ്റിങ്ങൽ കൊട്ടാരത്തിലെ രാജാവും കോതറാണിയും തമ്മിലുണ്ടായ യുദ്ധത്തിൽ റാണിയെ മരം മുറിച്ചിട്ട് വധിച്ചതിന്റെ ഓർമ്മയ്ക്കായി നട്ടുപിടിപ്പിച്ച ആൽമരമാണ് ഇപ്പോൾ ഭാഗികമായി നശിപ്പിക്കപ്പെട്ടിരിയ്ക്കുന്നത്. ഇപ്പോൾ കാണുന്ന ആലിന്റെ തള്ളമരം സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് വച്ചാണ് കോതറാണി കൊല്ലപ്പെട്ടതെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. പഴകുറ്റിയിൽ നിന്ന് മൂന്ന് കി.മീറ്റർ മാറി ഉഴമലയ്ക്കൽ വില്ലേജിലെ കൊറ്റാമല കുന്നിലാണ് കൊക്കോതമംഗലം കോട്ട സ്ഥിതിചെയ്തിരുന്നത്.