eldo-abraham

തിരുവനന്തപുരം: എറണാകുളത്ത് സി.പി.ഐ നടത്തിയ ഡി.ഐ.ജി ഒാഫീസ് മാർച്ചിനിടെ എം.എൽ.എ എൽദോ എബ്രാഹാമിനും പാർട്ടി ജില്ലാ സെക്രട്ടറിക്കും ഉൾപ്പെടെ പരിക്കേൽക്കാനിടയായ ലാത്തിച്ചാർജിൽ സി.പി.ഐക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. എം.എൽ.എയെ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയതിന് എറണാകുളം സെൻട്രൽ എസ്.ഐയെ സസ്പെൻഡ് ചെയ്‌തതോടെ സി.പി.ഐ നേതൃത്വത്തിന് തൽക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാനായി.

ലാത്തിച്ചാർജ് വിവാദത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേൽ നടപടി വൈകിയതും പൊലീസിനെ വെള്ളപൂശി കഴിഞ്ഞ ദിവസം ഡി.ജി.പി റിപ്പോർട്ട് നൽകിയതും സി.പി.ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. റിപ്പോർട്ടിന്മേൽ സർക്കാർ തീരുമാനം വരട്ടെയെന്ന നിലപാടെടുത്ത് പ്രതികരണങ്ങളിൽ നിന്ന് ഒഴിയുകയായിരുന്നു എറണാകുളം ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ. ഡി.ജി.പിയുടെ റിപ്പോർട്ട് എതിരായാലും സർക്കാരിന് നടപടിയെടുക്കുന്നതിൽ തടസ്സമില്ലെന്നതിന് മുൻകാല അനുഭവങ്ങളുണ്ടെന്നതായിരുന്നു അവർക്ക് പിടിവള്ളി.

ലാത്തിച്ചാർജ് വൻവിവാദമായതോടെ സി.പി.എം- സി.പി.ഐ നേതൃത്വങ്ങൾ എ.കെ.ജി സെന്ററിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന ധാരണ ഉരുത്തിരിഞ്ഞതായാണ് വിവരം. ജില്ലാ കളക്ടറുടെ റിപ്പോർട്ട് തേടിയതും അതിനായിരുന്നു. എം.എൽ.എ പങ്കെടുക്കുന്ന മാർച്ച് നടക്കുമ്പോൾ പൊലീസ് പ്രാഥമികമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കുന്നതിൽ പാളിച്ചയുണ്ടായെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചതായിട്ടായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എം.എൽ.എയെ തിരിച്ചറിയാതിരുന്നത് പൊലീസിന്റെ വീഴ്ച തന്നെയാണെന്ന് സർക്കാർ ഉറച്ച നിലപാടെടുത്തതും സി.പി.ഐ നേതൃത്വത്തിന് തുണയായി.

എം.എൽ.എയെ മർദ്ദിച്ചത് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി അന്നുതന്നെ പ്രതികരിച്ചിരുന്നു. എറണാകുളം മണ്ഡലത്തിൽ ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുന്നണിബന്ധം ഉലയാതിരിക്കാൻ പൊലീസിനെതിരെ നടപടി അനിവാര്യവുമായിരുന്നു. എറണാകുളത്ത് സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ തമ്മിൽ നേരത്തേ മുതൽ രസച്ചേർച്ചയില്ലായ‌്കയുണ്ട് താനും. ഈ സാഹചര്യങ്ങൾ മുന്നിൽക്കണ്ടാണ് ഉഭയകക്ഷി ചർച്ചയിൽ നടപടിക്കാര്യം മുഖ്യമന്ത്രി തന്നെ സി.പി.ഐ നേതൃത്വത്തിന് ഉറപ്പ് നൽകിയതെന്നാണ് വിവരം.

എന്നാൽ, സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം ഡി.ജി.പി നൽകിയ റിപ്പോർട്ട് സി.പി.ഐ അണികളിൽ വൻ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ഇത് പ്രതിസന്ധി രൂക്ഷമാക്കുമെന്നു മനസ്സിലാക്കിയാണ് ഉടൻ നടപടിയിലേക്ക് സർക്കാർ നീങ്ങിയതും. .