real-madrid
real madrid

ലാലിഗയിലെ ആദ്യ മത്സരത്തിൽ സെൽറ്റ വിഗോയെ

3-1ന് കീഴടക്കി റയൽ മാഡ്രിഡ്

വിഗോ : നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ആദ്യമത്സരത്തിൽ അത്‌ലറ്റിക് ക്ളബിനോട് തോറ്റപ്പോൾ പുതിയ സീസൺ ലാലിഗയിൽ മികച്ച തുടക്കവുമായി മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്. സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ സെൽറ്റഡിവിഗോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ തകർത്തെറിഞ്ഞത്.

12-ാം മിനിട്ടിൽ കരിം ബെൻസോമ, 61-ാം മിനിട്ടിൽ ടോണി ക്രൂസ്, 80-ാം മിനിട്ടിൽ ലൂക്കാസ് വസ്‌ക്വേസ് എന്നിവർ നേടിയ ഗോളുകൾക്കാണ് റയലിന്റെ വിജയം. എന്നാൽ മിഡ് ഫീൽഡർ ലൂക്കാ മൊഡ്രിച്ച് 56-ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി.

പുതിയ സീസണിൽ ടീമിൽ തുടരുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാതിരുന്ന ഗാരേത്ത് ബെയ്‌ലിനെ ഫസ്റ്റ് ഇലവനിലിറക്കിയാണ് റയൽ കളി തുടങ്ങിയത്. ടീമിന്റെ ആദ്യഗോളിന് തന്നെ വഴിയൊരുക്കി. ബെയ്ൽ തന്റെമികവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇടതുവിംഗിൽനിന്ന് പന്തുമായി ഒാടിക്കയറിയ ബെയ്ൽ, നൽകിയ കിടിലൻപാസിൽ നിന്നായിരുന്നു ബെൻസേമയുടെ ഗോൾ. ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് സെൽറ്റഡി വിഗോ പന്ത് റയലിന്റെ വലയിലെത്തിച്ചിരുന്നുവെങ്കിലും വാർ പരിശോധനയിൽ ഒഫ് സൈഡ് വിധിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ സുവാരേസിനെ ചവിട്ടിവീഴ്ത്തിയതിന് മൊഡ്രിച്ചിന് റഫറി ചുവപ്പുകാർഡ് നൽകി മടക്കി. ഇതോടെ പതറുമായിരുന്ന റയലിനെ രണ്ടുമിനിട്ടിനകം ഗോളിലൂടെ കര കയറ്റിയത് ടോണിക്രൂസാണ്. 40 വാര അകലെ നിന്നുള്ള ക്രൂസിന്റെ പടുകൂറ്റൻ ഷോട്ടാണ് സെൽറ്റയുടെ വലതുളച്ചത്. 80-ാം മിനിട്ടിൽ ബെൻസേമയുടെ സഹായത്തോടെയാണ് വസ്‌ക്വേസ് റയലിന്റെമൂന്നാം ഗോൾ നേടിയത്. ഇൻജുറി ടൈമിൽ ഐക്കർ ലൊസാദയാണ് സെൽറ്റയുടെ ആശ്വാസ ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽത്തന്നെ മൂന്ന് പോയിന്റുകൾ നേടിയ റയൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞരാത്രിനടന്ന മറ്റൊരു മത്സരത്തിൽ എയ്ബറിനെ 2-1ന് കീഴടക്കിയ മയ്യോർക്കയാണ് രണ്ടാംസ്ഥാനത്ത്. മറ്റൊരു മത്സരത്തിൽ വലൻസിയ 1-1ന് റയൽ സോഡിഡാഡുമായി സമനിലയിൽ പിരിഞ്ഞു.

സിറ്റിയെ തളച്ച് ടോട്ടൻഹാം

മാഞ്ചസ്റ്റർ സിറ്റി 2- ടോട്ടൻ ഹാം 2

ലണ്ടൻ: നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സീസണിലെ രണ്ടാം മത്സരത്തിൽ സമനിലയിൽ തളച്ച് ടോട്ടൻഹാം. കഴിഞ്ഞരാത്രി സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-2നാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.

20-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം സ്കോർ ചെയ്തത്. 23-ാം മിനിട്ടിൽ ലമേലയിലൂടെ ടോട്ടൻഹാം സമനില പിടിച്ചു. 35-ാം മിനിട്ടിൽ ബെർജിയോ അഗ്യൂറോയിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. 56-ാം മിനിട്ടിൽ ലൂക്കാസ് മൗറയാണ് കളിപിന്നെയും സമനിലയിലാക്കിയത്. ഇൻജുറി ടൈമിൽ ഗബ്രിയേൽ ജീസസ് ടോട്ടൻഹാമിന്റെ വല കുലുക്കിയെങ്കിലും വാർ ഗോൾഅനുദിച്ചില്ല. സിറ്റി താരം ലാപോർട്ടെയുടെ കൈയിൽ തട്ടിയാണ് പന്ത് വലയിൽ കയറിയതെന്നായിരുന്നു വാറിന്റെ കണ്ടെത്തൽ.