തിരുവനന്തപുരം: തേനും വയമ്പും ഓലവാച്ചും കതിരണിഞ്ഞ അക്ഷര ഫലകവും നൽകി മലയാളം പള്ളിക്കൂടം നവാഗതരെ എതിരേറ്റു. പരമ്പരാഗത രീതിയിൽ വെറ്റിലയും നാണയവും ദക്ഷിണ നൽകി നൂറിൽപ്പരം കുട്ടികളാണ് മണലിൽ അക്ഷരം കുറിച്ച് പള്ളിക്കൂടത്തിലെ പുതിയ പഠിതാക്കളായത്. ചിരട്ടപ്പുട്ട് മുതൽ കളിവീട് വരെ ഒരുക്കിക്കൊണ്ട് ബാല്യകാലത്തിന്റെ മധുരം പകർന്നാണ് തൈക്കാട് മോഡൽ എൽ.പി സ്‌കൂൾ കാമ്പസിൽ പ്രവേശനോത്സവം ഒരുക്കിയത്. മലയാളം പള്ളിക്കൂടത്തിലെ ആറാമത്തെ ബാച്ചാണ് ചിങ്ങ മാസത്തിന്റെ രണ്ടാം നാളിൽ മലയാള ഭാഷയുടെ മധുരം നുകരാൻ എത്തിയത്. ചടങ്ങ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം ചിരട്ടപ്പുട്ട് ഉണ്ടാക്കി അടൂരും ബാല്യത്തിന്റെ മാധുര്യം ആസ്വദിച്ചു. ദശപുഷ്പങ്ങളുൾപ്പെടെ നാനാതരം നാട്ടുചെടികളെ സാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ കുട്ടികൾക്ക് പരിചയപ്പെടുത്തി. മലയാളം പള്ളിക്കൂടം പുറത്തിറക്കിയ വാർത്താപത്രിക ഡോ. അച്യുത് ശങ്കറിന് നൽകി അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. നെല്ലിയോട് വിഷ്ണു നമ്പൂതിരി ജനകീയ രീതിയിൽ അവതരിപ്പിച്ച രുഗ്മിണീ സ്വയംവരം ഓട്ടൻതുള്ളൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. ചടങ്ങിൽ ആർട്ടിസ്റ്റ് ഭട്ടതിരി, സാംസ്‌കാരിക വകുപ്പ് അഡിഷണൽ സെക്രട്ടറി കെ. ഗീത, കനറാബാങ്ക് ജനറൽ മാനേജർ ജി.കെ. മായ, കവി ഡോ. ബിജു ബാലകൃഷ്ണൻ, എൻ.കെ. സുനിൽകുമാർ എന്നിവരും പങ്കെടുത്തു.