തിരുവനന്തപുരം: ജനങ്ങളുമായി പാർട്ടി അകലുന്നുവെന്ന സ്വയംവിമർശനത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകളിലേക്കു കടന്ന സി.പി.എം, വിശദമായ അവലോകനത്തിനും തുടർനടപടികൾ ആലോചിക്കാനും ആറു ദിവസത്തെ നേതൃയോഗത്തിന് തുടക്കമിട്ടു. തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾക്കു ശേഷം ജില്ലാ കമ്മിറ്റികളുടെ ക്രോഡീകരിച്ച റിപ്പോർട്ടുകളാണ് ചർച്ച ചെയ്യുന്നത്. സി.പി.എം നടത്തിയ ഗൃഹസന്ദർശന പരിപാടിയിൽ ഉയർന്ന വിമർശനങ്ങൾ സഹിതമാണ് ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ജനങ്ങളോടുള്ള പെരുമാറ്റ ശൈലിയിൽ താഴെത്തട്ടിലെ അടക്കം നേതാക്കൾക്ക് മാറ്റമുണ്ടാവണം തുടങ്ങി, ഗൗരവാർഹമായ നിർദ്ദേശങ്ങൾ റിപ്പോർട്ടുകളിലുണ്ടെന്നാണ് സൂചന. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടത് അതീവഗൗരവമുള്ളതാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. വോട്ടെടുപ്പിനു ശേഷവും ഭൂരിപക്ഷം സീറ്റുകൾ സംസ്ഥാനത്ത് നേടാനാകുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം സീറ്റുകളും നഷ്ടപ്പെട്ടത് ഒരു ലക്ഷമോ അതിലേറെയോ വോട്ടുകളുടെ വ്യത്യാസത്തിലാണെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റുകളും കുറവുകളും തിരുത്തുന്നതിന് ഉചിതമായ നടപടി സംസ്ഥാനകമ്മിറ്റി കൈക്കൊള്ളാനായിരുന്നു കേന്ദ്രകമ്മിറ്റി നിർദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൃഹസന്ദർശന പരിപാടിക്കും മറ്റും പാർട്ടി സംസ്ഥാന കമ്മിറ്റി തുടക്കമിട്ടത്. ഈ തിരുത്തൽപ്രക്രിയകളുടെ പുരോഗതിയിന്മേലാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച തുടങ്ങിയത്. യോഗം ഇന്നും നാളെയും തുടരും. തുടർന്നുള്ള മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് യോഗത്തിനെത്തിയേക്കും.
ശബരിമല വിഷയത്തിലെ സുപ്രീംകോടതിവിധിയിൽ സർക്കാരും പാർട്ടിയും കൈക്കൊണ്ട നടപടി ശരിയായിരുന്നെങ്കിലും പതിവായി സി.പി.എമ്മിന് വോട്ടു ചെയ്തിരുന്നവരിൽ ഒരു വിഭാഗത്തെ ആകർഷിക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞെന്ന് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തിയിരുന്നു. വനിതാമതിലിനു ശേഷം രണ്ടു സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതിനെ യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തിയെന്ന് കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിലുമുണ്ട്. ഈ പ്രചാരണം പാർട്ടി അനുഭാവികളിലുണ്ടാക്കിയ സ്വാധീനം ഓരോ പ്രദേശത്തും ഓരോ രീതിയിലായി.
കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച തടയാൻ ക്ഷമാപൂർവവും ഏകോപിതവുമായ പ്രവർത്തനം ആവശ്യമാണ്. പാർട്ടിയുടെ അശ്രാന്തപരിശ്രമവും സർക്കാരിന്റെ നല്ല പ്രവർത്തനവുമുണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടെന്ന് ഗൗരവമായി പരിശോധിക്കണം. സി.പി.എമ്മിനെ അക്രമകാരികളായി ചിത്രീകരിക്കാൻ എതിരാളികൾക്ക് അവസരമൊരുക്കുന്ന നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പു വരുത്തണമെന്നും കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലുണ്ട്.