നെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ കൈയേറ്റം ചെയ്‌തത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇറയംകോട് ചെറിയകൊണ്ണി ചിറയരികത്ത് വീട്ടിൽ സിജോയെയാണ് (25) അരുവിക്കര പൊലീസ് അറസ്റ്റുചെയ്‌തത്. ഇറയംകോട് പോസ്റ്റ് ഓഫീസിനു സമീപം റോഡരികത്തു വീട്ടിൽ വിജയകുമാറിനെയാണ് സിജോ ആക്രമിച്ചത്. വിജയകുമാറിന്റെ വീട്ടുകാരെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന സിജോ ഏതാനും ദിവസം മുമ്പ് വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം ചോദിച്ച വിജയകുമാറിനെ കഴിഞ്ഞ ആറിന് രാവിലെ ഇറയംകോട് എൽ.പി. സ്‌കൂളിനു സമീപത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ സിജോ ഹെൽമറ്റ് കൊണ്ട് വിജയകുമാറിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കമ്പി കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽപോയ പ്രതിയെ അരുവിക്കര എസ്.ഐമാരായ അരുൺകുമാർ, മുരളീധരൻ, എ.എസ്.എ സതികുമാർ, എസ്.സി.പി.ഒ ഷൈജു, സി.പി.ഒ സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്‌തത്. പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.