kadakampally

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചതിന് സസ്പെൻഷനിലാകുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത ചേർത്തലയിലെ സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ഓമനക്കുട്ടനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാദ്ധ്യമഭീകരതയുടെ ഏറ്റവും വലിയ ഇരയാണ് ഓമനക്കുട്ടനെന്നും മലയാളികൾക്കു വേണ്ടിയാണ് ഓമക്കുട്ടനോട് മാപ്പു പറയുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ക്യാമ്പുകളിൽ ചെന്ന് സർക്കാരിനെതിരെ അടിക്കാൻ ഇല്ലാക്കഥകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന മാദ്ധ്യമപ്രവർത്തകർക്ക് ഓമനകുട്ടന്മാരെ പോലെ രാപ്പകലില്ലാതെ ക്യാമ്പിൽ ഓടി നടക്കുന്നവരെ പരിചയം കാണില്ല. തന്റെ കയ്യിൽ നിന്നെടുത്തും ഇല്ലെങ്കിൽ ചുറ്റുമുള്ളവരോട് കടം വാങ്ങിയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നവരെ കണ്ണിൽ പിടിക്കില്ല. അതിലൊക്കെ എന്ത് വാർത്താപ്രാധാന്യം?

കഴിഞ്ഞ വർഷം സർക്കാരെടുത്ത തീരുമാനങ്ങൾ പ്രളയസമയത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാക്കുന്ന മാദ്ധ്യമങ്ങൾ ഒരു നാട് ദുരന്തം നേരിടുമ്പോൾ ചെയ്യേണ്ടതെന്തെന്നും ഇപ്പോൾ ചെയ്യുന്നതെന്തെന്നും സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്, തിരിച്ചറിയേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത‍ കാരണം ഒരു മനുഷ്യന് അഭിമാനക്ഷതവും വേദനയും ഉണ്ടായതിൽ മാപ്പ് പറയുകയാണ് ഇത്തിരിയെങ്കിലും മാനവികബോധം ഉണ്ടെങ്കിൽ ഓമനക്കുട്ടനെ അപരാധിയായി ചിത്രീകരിച്ച മാദ്ധ്യമങ്ങൾ ചെയ്യേണ്ടത്.