തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ ആംബുലൻസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഡി.വൈ.എഫ്.ഐ നേതാവും പ്രവർത്തകനും പിടിയിൽ. മുട്ടത്തറ പനമൂട് ക്ഷേത്രത്തിന് സമീപം രാജീവ് ഗാന്ധി ലെയ്നിൽ ഷാഹുൽ ഹമീദ് (29), പൊന്നറ നഗർ സെവന്ത് ഡേ സ്‌കൂളിനു സമീപം അപ്പൂസ് എന്ന നന്ദുലാൽ എന്നിവരാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം.
പതിനെട്ടുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച ശേഷം ഡി.വൈ.എഫ്.ഐ പെരുന്താന്നി ലോക്കൽ കമ്മിറ്റിയുടെ ആംബുലൻസിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസ് ഡ്രൈവറും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ നന്ദുവിന്റെ സഹായത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. തന്നെ വിവാഹം കഴിക്കണമെന്ന് ഷാഹുൽ ഹമീദ് പെൺകുട്ടിയെ പ്രേരിപ്പിച്ചെങ്കിലും പറ്റില്ലെന്ന് പെൺകുട്ടി അറിയിച്ചതോടെ വെമ്പായത്തു വച്ച് ആംബുലൻസ് ഒഴിവാക്കി പെൺകുട്ടിയുമായി ഷാഹുൽ ബസിൽ തിരികെ വന്നു. തമ്പാനൂരിൽ എത്തിച്ച ശേഷം പെൺകുട്ടിയെ ബസിൽ കയറ്റിവിട്ടു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് ആംബുലൻസ് ഡ്രൈവറെയും പിടികൂടി. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു.