കാട്ടാക്കട: നെയ്യാർ ഡാം ലയൺ സഫാരി പാർക്ക് അറ്റകുറ്റപ്പണിക്കായി പൂട്ടി. ഗുജറാത്തിൽ നിന്നും രണ്ടു സിംഹങ്ങളെ ഇവിടേക്ക് എത്തിക്കുന്നതിന് മുൻപായി കൂടുകൾ നവീകരിക്കാനാണ് താത്കാലികമായി പാർക്ക് പൂട്ടിയിരിക്കുന്നത്. ജോലികൾക്കായി 10 ദിവസത്തിലധികം വേണ്ടിവരും. അതേസമയം തേക്കടി, കോടനാട് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന രണ്ടു മലയണ്ണാൻമാരെ കൈമാറി.

ഗുജറാത്തിലെ സക്കർബാഗ് മൃഗശാലയിൽ നിന്നുള്ള ഇണകളായ രാധയും നാഗരാജനും ഞായറാഴ്ച രാവിലെ തലസ്ഥാനത്തെത്തി. ഏഷ്യൻ സിംഹങ്ങളാണ് പാർക്കിലേക്ക് എത്തുന്ന പുതിയ അതിഥികൾ. നിലവിൽ പാർക്കിലുള്ളത് സിന്ധു ഏഷ്യൻ- ആഫ്രിക്കൻ സങ്കരയിനമാണ്. ഗുജറാത്തിലെ വനത്തിൽ നിന്നും ആറ് വർഷം മുൻപാണ് രാധയെ ലഭിക്കുന്നത്. 2012 ലാണ് നാഗരാജനെ കിട്ടുന്നത്. 19 വയസാണ് സിംഹങ്ങളുടെ പരമാവധി ആയുസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിംഹങ്ങളെയും കൊണ്ട് വനം വകുപ്പിന്റെ ഡോക്ടർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തിരിച്ചത്. ആഴ്ചകൾക്ക് മുമ്പേ ഈ സിംഹങ്ങളെ ഇണക്കാനായി രണ്ട് ജീവനക്കാർ ഗുജറാത്തിൽ എത്തിയിരുന്നു.