suicide

ആലുവ: ആയുർവേദ മരുന്നുകൾ വീടുകൾതോറും വില്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കനാൽപുറമ്പോക്ക് സ്വദേശിനി ജോയ്സി (19)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലായതിനാൽ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി.

കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.ആർ.എസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആലുവ പറവൂർ കവലയിൽ വി.ഐ.പി ലൈനിൽ സ്ഥാപനം വാടകക്കെടുത്ത് നൽകിയ വീട്ടിലാണ് ജോയ്സിയും മറ്റ് മൂന്ന് സഹപ്രവർത്തകരും താമസിച്ചിരുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ മരണ വിവരം തിരുവനന്തപുരത്തെ വീട്ടിലറിയിച്ചത്.

11 മാസമായി ഇവിടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോയ്സി. ജൂനിയർ മാനേജരായി പ്രൊമോഷൻ ലഭിച്ചതിനെ തുടർന്ന് ഇന്നലെ ജോലിക്ക് പോയില്ല. രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്തെ ബർത്തിൽ മരത്തടി കുറുകെ ഇട്ടശേഷം ഷാളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മരകഷണത്തിൽ ഷാൾ ചുറ്റാൻ സ്റ്റൂളിന്റെ ആവശ്യമില്ലെന്നും ഇരുമുട്ടുകാലുകളും പൂർണമായി വളഞ്ഞ നിലയിലായതിനാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഉച്ചയ്ക്കും ജോയ്സി പിതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ആലുവ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജൻ പോസ്റ്റ്മാർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.