തിരുവനന്തപുരം: ബഹ്റിനിൽ മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ പാളി അടർന്നു വീണ് നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ്.ഭവനിൽ നിഷാന്ത് ദാസ് (27)മരിച്ചു. ബഹ്റൈനിലെ ആലിബൂരിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒമാനിൽ നിന്നുകൊണ്ടുവന്ന മാർബിൾ സ്വകാര്യകമ്പനിയിൽ ഇറക്കുന്നതിനിടെ മാർബിൾപാളി പൊട്ടിവീണാണ് അപകടമുണ്ടായതെന്നാണ് വിവരം.
നിഷാന്ത് ദാസ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാലു പേരെ പരിക്കുകളോടെ ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപിച്ചു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ ഡിസ്ചാർജ്ജ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണമടഞ്ഞ നിഷാന്ത് ദാസ് 2013 ലാണ് ബഹ്റിനിൽ എത്തിയത്. കുടുംബം നാട്ടിലാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.