ചിറയിൻകീഴ്: ശാർക്കരയിലെ ആനകൾക്ക് സുരക്ഷിത താവളമായ ആനത്തറി ഒരുങ്ങി. ആനകളുടെ ഗൃഹപ്രവേശനം ഇന്നലെ കഴിഞ്ഞു. ചന്ദ്രശേഖരനെയാണ് ഭഗവതി കൊട്ടാരത്തിന് സമീപത്തുള്ള ആനത്തറിയിലേക്ക് ഇന്നലെ മാറ്റിയത്. മദപ്പാടിലായതിനാൽ ആജ്ഞനേയനെ വരും ദിവസമേ മാറ്റാനാകൂ. വർഷങ്ങൾക്ക് മുൻപാണ് ശാർക്കരയിലെ ആനകൾക്ക് വേണ്ടി ആനത്തറികളുടെ നിർമാണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭഗവതി കൊട്ടാരത്തിന് സമീപത്താണ് ഇരുപത് ലക്ഷത്തോളം രൂപ ചെലവിട്ട് രണ്ട് ആനത്തറികൾ ഒരുങ്ങിയത്. നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പണിയിലെ അപാകതകൾ പരിഹരിക്കുന്നത് അനന്തമായി നീണ്ടത് കാരണം ആനത്തറികളുടെ ഉദ്ഘാടനം നീളുകയായിരുന്നു.
ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് നിർമ്മാണം ഇഴയാൻ കാരണമെന്നും നിർമാണത്തിൽ അപാകതകളുണ്ടെന്ന വിമർശനങ്ങളും ഇക്കാലയളവിൽ ഉയർന്നു. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി അവ പരിഹരിച്ച് എത്രയും വേഗം ആനകളെ ആനത്തറിയിലേക്ക് പാറ്റി പാർപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി പല തവണ വാർത്തകൾ നൽകിയിരുന്നു.
അമ്പലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചുട്ടികുത്തൽപുരയ്ക്ക് സമീപമായാണ് ആനകളെ ഇതുവരെ പാർപ്പിച്ചിരുന്നത്. തുറസായിക്കിടന്ന ഈ സ്ഥലം മതിൽകെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ആനകൾക്ക് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ട സൗകര്യങ്ങൾ ഇവിടെയില്ല.
ഏതാനും വർഷം മുൻപ് വരെ ഭഗവതി കൊട്ടാരത്തിലാണ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സമയത്ത് കറന്റ് ചാർജ് അടയ്ക്കാത്തതിനാൽ ഭഗവതി കൊട്ടാരത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതുകാരണം ആനത്തറിയിലെ കിണറ്റിൽ പമ്പ് സെറ്റുവയ്ക്കുവാനും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ചതോടെയാണ് ആനത്തറി പ്രവർത്തന സജ്ജമായത്. ആനത്തറിയുടെ ഉദ്ഘാടനം ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ നിർവഹിച്ചു. ക്ഷേത്രത്തിലെ കീഴ് ശാന്തിമാർ, ഉപദേശകസമിതി ഭാരവാഹികൾ ആനപ്രേമികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറുപ്പ്: ശാർക്കരയിലെ ആനത്തിറിയുടെ ഉദ്ഘാടനം ശാർക്കര ദേവസ്വം അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഗോപകുമാർ നിർവഹിക്കുന്നു.