winchester-mystery-house

കാലിഫോർണിയയിലെ സാൻ ജോസിൽ ഒരു പടുകൂറ്റൻ ബംഗ്ലാവുണ്ട്. വിൻചെസ്റ്റർ ഹൗസ്! ഇതിന്റെ ഉള്ളിലേക്ക് കടന്നാൽ ആരും പെട്ടുപോകും. അത്രയ്ക്ക് കുഴപ്പം പിടിച്ച വാസ്‌തുവിദ്യയാണ് ഈ ബംഗ്ലാവിന്. 24,000 ചതുരശ്രഅടി വിസ്‌തൃതിയുള്ള ബംഗ്ളാവിൽ 161 കിടപ്പുമുറികളാണുള്ളത്. ബംഗ്ലാവിലെ കോണിപ്പടികളിൽ പലതും എത്തിച്ചേരുന്നത് ചുവരുകളിലേക്കായിരിക്കും. അതുപോലെ തന്നെയാണ് വാതിലുകളും ജനാലകളും. അവയെല്ലാം എവിടേക്ക് തുറക്കപ്പെടും എന്ന് യാതൊരു പിടിയുമില്ല. 2000ത്തിലധികം വാതിലുകൾ ബംഗ്ലാവിലുണ്ടെങ്കിലും വെറും രണ്ട് നിലക്കണ്ണാടികൾ മാത്രമേ ഉള്ളൂ.

സാറാ വിൻചെസ്റ്റർ എന്ന സ്ത്രീയാണ് ഈ വിചിത്ര ബംഗ്ലാവ് നിർമിച്ചത്. തന്റെ ഭർത്താവും അറിയപ്പെടുന്ന ഒരു തോക്ക് നിർമാണ കമ്പനിയുടെ ഉടമയുമായിരുന്ന വില്യം വിൻചെസ്റ്ററിന്റെ മരണ ശേഷം 1883ലാണ് സാറ ബംഗ്ലാവിന്റെ പണി ആരംഭിച്ചത്.

1922ൽ സാറ മരിക്കുന്നതുവരെ 38 വർഷം ഈ ബംഗ്ലാവ് പണിഞ്ഞുകൊണ്ടേയിരുന്നു. മരണംവരെ സാറ ഇവിടെ തന്നെയായിരുന്നു താമസവും. തന്റെ ഭർത്താവിന്റെ തോക്കിനിരയായവരുടെ ആത്മാക്കൾ ബംഗ്ലാവിലുണ്ടെന്ന് സാറ വിശ്വസിച്ചിരുന്നത്രെ. പ്രേതങ്ങൾ തന്നെ കണ്ടെത്താതിരിക്കാനാണത്രെ മരിക്കും വരെ സാറ ഇത്തരത്തിൽ വിചിത്രമായ രീതിയിൽ തന്റെ ബംഗ്ലാവിന്റെ വലിപ്പം കൂട്ടിക്കൊണ്ടേയിരുന്നത്.

സാറയുടെ ഏകമകൾ ആനി കുഞ്ഞായിരിക്കെ മരാസ്‌മസ് രോഗം പിടിപ്പെട്ട് മരിച്ചിരുന്നു. ഇതിന്റെ ആഘാതം വിട്ടുമാറാൻ സാറയ്ക്ക് 10 വർഷം വേണ്ടി വന്നു. 1881ലാണ് ഭർത്താവ് വില്യം ക്ഷയരോഗം ബാധിച്ച് മരിച്ചത്. അന്നു മുതൽ സാറ തനിച്ചായിരുന്നു. ഇപ്പോൾ പൊതുജനങ്ങൾക്ക് കാണാനായി തുറന്ന് കൊടുത്തിരിക്കുകയാണ് വിൻചെസ്റ്റർ ഹൗസ്.