ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ തുടങ്ങിയതാണ് കോൺഗ്രസിലെ ഉലച്ചിലുകൾ. ഒന്നൊഴിയുമ്പോൾ മറ്റൊന്ന്. ശരിക്കും പറഞ്ഞാൽ ഇതേവരെ ഒന്ന് 'ആക്‌ടീവാകാൻ ' കഴിഞ്ഞിട്ടില്ല. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ആദ്യം തന്നെ അഭിപ്രായ ഭിന്നതകൾ ഉണ്ടായി. മുതിർന്ന നേതാക്കൾക്ക് തങ്ങളുടെ മക്കളുടെ സീറ്റ് ഉറപ്പിക്കുന്നതിലായിരുന്നു ശ്രദ്ധയെന്ന് തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഒപ്പം പാർട്ടി അദ്ധ്യക്ഷ പദവിയിൽ നിന്നും ഒഴിയാനുള്ള രാഹുലിന്റെ തീരുമാനവും. അതിനിടയിലായിരുന്നു കർണാടകയിലെ പ്രതിസന്ധി. അങ്ങനെ സഖ്യസർക്കാരിന് അവിടെ ഭരണവും നഷ്ടപ്പെട്ടു. ഇപ്പോഴിതാ ഹരിയാനയിൽ 'ഉരുൾപൊട്ടൽ' തുടങ്ങിയിരിക്കുന്നു.
കോൺഗ്രസിന്റെ മുതിർന്ന നേതാവും രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഭൂപീന്ദർ സിംഗ് ഹൂഡയാണ് നേതൃത്വത്തിനെതിരെ കരുനീക്കവുമായി എത്തിയിരിക്കുന്നത്. ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ നയത്തെ പിന്തുണയ്ക്കുക മാത്രമല്ല വിഷയത്തിൽ കോൺഗ്രസിന് വഴിതെറ്റിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഹൂഡ. ഹരിയാനയിലെ കരുത്തുറ്റ കോൺഗ്രസ് പ്രതീകമായ ഹൂഡതന്നെ പാർട്ടിക്കെതിരെ രംഗത്തെത്തിയതോടെ ആകെ ആശയകുഴപ്പത്തിലാണ് നേതൃത്വം. താൻ പാർട്ടി വിടില്ലെന്ന് ഹൂഡ വ്യക്തമാക്കിയെങ്കിലും 13 എം.എൽ.എമാരുടെ കമ്മിറ്റി രൂപീകരിക്കുമെന്ന ഹൂഡയുടെ പ്രസ്താവനയാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
കർണാടകയിലെ പോലെ ഒരു വിമത അട്ടിമറി ഹരിയാനയിൽ കോൺഗ്രസ് നേരിടേണ്ടി വരുമോ? ഹൂഡ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് എരി തീയിലേക്ക് എണ്ണയെന്ന പോലെ പുതിയ ചർച്ചകൾ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ഹരിയാന നിയമസഭയിൽ ആകെ 15 സീറ്റിൽ മാത്രമേ കോൺഗ്രസ് ഉള്ളൂ. ഇതിൽ ഹൂഡയുടെ പക്ഷത്ത് 13 എം.എൽ.എമാരാണ് ഉള്ളത്. ഒരു വിമത നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നതെങ്കിൽ ഹരിയാനയിൽ കോൺഗ്രസിന്റെ ഭാവി അവതാളത്തിലാകും. ആകെ 90 സീറ്റിൽ 47 എണ്ണത്തിൽ വിജയിച്ച മനോഹർ ലാൽ ഖട്ടറുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയാണ് ഇപ്പോൾ ഹരിയാന ഭരിക്കുന്നത്. ഹൂഡയും ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതകളും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഹൂഡ റോത്തക്കിൽ നടത്തിയ റാലി കോൺഗ്രസിന് ഒരു മുന്നറിയിപ്പ് ആയിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കാശ്മീർ വിഷയത്തിൽ ബി.ജെ.പിയെ പിന്തുണച്ച് ഹൂഡയുടെ മകനും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് വിട്ട് ഹൂഡ പുതിയ പാർട്ടിയുണ്ടാക്കും അല്ലെങ്കിൽ ബി.ജെ.പിയിൽ ചേർന്നേക്കും തുടങ്ങിയ അഭ്യൂഹങ്ങളും ശക്തമാവുകയാണ്. എന്നാൽ ഹൂഡ ബി.ജെ.പിയിൽ ചേരാൻ സാദ്ധ്യതയില്ലെന്ന നിഗമനമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. 13 എം.എൽ.എമാർ ഒപ്പമുള്ള സ്ഥിതിയ്ക്ക് ഹൂഡയെ അനുനയിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും കോൺഗ്രസ് ഭാഗത്തുനിന്ന് ഉണ്ടാകും. അങ്ങനെയെങ്കിൽ അശോക് തൻവാറിനെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യമായിരിക്കും ഹൂഡ മുന്നോട്ട് വയ്ക്കുക. പകരം ഹൂഡയെ അദ്ധ്യക്ഷ പദവിയിലെത്തിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. ഇരുവർക്കിടയിലെ ഭിന്നതയ്ക്കുനേരെ ദേശീയ നേതൃത്വം മുഖം തിരിച്ചതാണ് ഹൂഡയെ പുതിയ നീക്കത്തിന് പ്രരിപ്പിച്ചതെന്നും പറയപ്പെടുന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഇതിനിടയിൽ ഹൂഡയുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയാവും. ഹൂഡ മനസിൽ കണ്ടുവച്ചിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യത്തിന്റെ വ്യക്തമായ ഒരു ചിത്രം ലഭിച്ചാൽ മാത്രമേ ഹരിയാനയിൽ കോൺഗ്രസ് പിളരുമോ ഇല്ലയോ എന്ന് പറയാനാകൂ.
പ്രശ്‌നം ഗുരുതരമായി തുടരുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ തയാറാക്കാൻ ഇടക്കാല അദ്ധ്യക്ഷ സോണിയഗാന്ധിയ്ക്ക് നന്നേ പാടുപെടേണ്ടി വരും. അശോക് തൻവാർ സംസ്ഥാന നേതൃത്വത്തിലെ യുവനേതാവും ദളിത് സാന്നിദ്ധ്യവുമാണ്. 71 കാരനായ ഹൂഡ പാർട്ടിയിലെ വൻമരവുമാണ്. രണ്ടാം ഇന്നിംഗ്സിൽ സോണിയാ ഗാന്ധിക്ക് അതികഠിനമായ വെല്ലുവിളികളാണ് ഹരിയാനയിൽ നേരിടേണ്ടി വരിക.