ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കാനിരുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (മെഡിസെപ് ) തുടങ്ങും മുൻപേ മരണക്കിടക്കയിലായിരിക്കുകയാണ്. പല അവധികൾക്കു ശേഷവും പദ്ധതി പ്രാബല്യത്തിൽ വരാത്തതിനു കാരണം ഗൃഹപാഠത്തിന്റെ കുറവു തന്നെയാണ്. പദ്ധതി നടത്തിപ്പ് റിലയൻസിനെ ഏല്പിക്കുമ്പോൾ എല്ലാ പ്രമുഖ ആശുപത്രികളും അതിലുൾപ്പെടുമെന്ന ധാരണയാണുണ്ടായിരുന്നത്. എന്നാൽ അവസാന ചുവടും വച്ചു കഴിഞ്ഞപ്പോഴാണറിയുന്നത് പ്രമുഖ സ്വകാര്യ ആശുപത്രികൾ മാത്രമല്ല, സർക്കാരിനു കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും പദ്ധതിയിൽ ചേരാൻ മടിച്ചുനിൽക്കുന്ന കാര്യം. റിലയൻസുമായി ചർച്ച നടത്തിയ ഘട്ടത്തിൽത്തന്നെ ഉറപ്പുവരുത്തേണ്ടതായിരുന്നു പദ്ധതിയിൽ ഏതേതെല്ലാം ആശുപത്രികൾ ഉൾപ്പെടുമെന്ന കാര്യം. കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ കൊണ്ടുവരാനുദ്ദേശിച്ച പദ്ധതി പല കാരണങ്ങളാൽ നീണ്ടുപോയപ്പോൾ സ്വാഭാവികമായും ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കേണ്ട ഗുണഭോക്താക്കൾ പ്രതീക്ഷ കൈവിടാതെ നിൽക്കുകയായിരുന്നു. തടസങ്ങളെല്ലാം നീക്കി പദ്ധതി ഈ മാസം ഒന്നിനു തുടങ്ങുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഇപ്പോൾ കേൾക്കുന്നത് പദ്ധതി നടത്തിപ്പിനായി പുതിയ കമ്പനിയെ തേടുന്നു എന്നാണ്. സർക്കാർ നിബന്ധനകൾ പാലിക്കാൻ റിലയൻസിന് സാധിക്കാത്ത സാഹചര്യത്തിൽ ഇതേ ഇനി വഴിയുള്ളുവത്രെ. ഏതായാലും പദ്ധതി തുടങ്ങിയ ശേഷം പ്രശ്നങ്ങളുണ്ടാകാൻ കാത്തിരിക്കാതെ കാലേകൂട്ടി മറുവഴി തേടാൻ ശ്രമിക്കുന്നത് ഉചിതം തന്നെ.
ജീവനക്കാരും പെൻഷൻകാരുമായി പതിനൊന്നുലക്ഷം പേർ ഉൾപ്പെടുന്നതാണ് 'മെഡിസെപ്" പദ്ധതി. ബഡ്ജറ്റിലെ വാഗ്ദാനമായിരുന്നു ഇത്. പദ്ധതി നടപ്പിലാകുന്നതോടെ നിലവിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിച്ചുവരുന്ന ചികിത്സാ ആനുകൂല്യം ഇല്ലാതാകും. പകരം ഒരു കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷയും ഗുരുതര രോഗങ്ങൾക്ക് മൂന്നുവർഷത്തേക്ക് ആറുലക്ഷം രൂപ വരെ സഹായവും നൽകുന്നതാണ് മെഡിസെപിലൂടെ ഉദ്ദേശിച്ചിരുന്നത്. കുടുംബാംഗങ്ങളിൽ ആർക്ക് അസുഖം പിടിപെട്ടാലും ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടാകും. എന്നാൽ പദ്ധതിയിൽ പങ്കാളികളാകാൻ പ്രമുഖ സ്വകാര്യ ആശുപത്രികൾ മടികാണിച്ചതും സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളിൽ ചിലത് അംഗീകരിക്കാൻ വിസമ്മതിച്ചതും പദ്ധതി നടപ്പാക്കാൻ തടസമായി. ടെൻഡറിൽ പങ്കെടുത്ത പ്രമുഖ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ രേഖപ്പെടുത്തിയ തുകയിലും വളരെ താഴ്ന്ന നിരക്ക് മുന്നോട്ടുവച്ചതിന്റെ പേരിലാണ് റിലയൻസിനെ സർക്കാർ തിരഞ്ഞെടുത്തത്. പ്രീമിയമായി ഒരു കുടുംബത്തിന് 2992 രൂപയാണ് റിലയൻസ് ആവശ്യപ്പെട്ടത്.
'മെഡിസെപ്" നടപ്പാക്കൽ നീണ്ടുപോയത് അടിയന്തര ചികിത്സാ ആനുകൂല്യം കിട്ടേണ്ട അനവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇൻഷ്വറൻസ് പദ്ധതി നടപ്പിലായശേഷം മതി ഏറെ ചെലവ് വേണ്ടിവരുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വലിയ ചികിത്സകൾ എന്നു നിശ്ചയിച്ചവർ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മെഡിസെപിനായി പുതിയ കമ്പനിയെ കണ്ടുപിടിക്കാനുള്ള ടെൻഡർ നടപടി പൂർത്തിയാകാൻ ആഴ്ചകൾ വേണ്ടിവരും. അതുവരെയുള്ള കാലത്തേക്ക് ആനുകൂല്യം നൽകാൻ സർക്കാർ എന്തെങ്കിലും വഴിയുണ്ടാക്കണം. മനുഷ്യർക്ക് രോഗം വരാൻ ഇന്ന കാലമെന്നില്ല. ഏതു ദിവസവും അതുണ്ടാകാം. പുതിയ ഇൻഷ്വറൻസ് പദ്ധതി വരട്ടെ, സഹായം അതുവരെ ഇല്ല എന്നു പറയാനാവില്ലല്ലോ. അതുകൊണ്ട് സർക്കാർ തന്നെ സൃഷ്ടിച്ച ഈ പ്രതിസന്ധിക്ക് തൃപ്തികരമായ പരിഹാരം കണ്ടുപിടിക്കേണ്ടതും സർക്കാർ തന്നെയാണ്.
ഇതിനിടെ 'മെഡിസെപ്" സർക്കാർ തന്നെ നേരിട്ടു നടത്താനുള്ള ഏർപ്പാടുണ്ടാക്കണമെന്ന ആവശ്യവുമായി ഐ.എം.എ മുന്നോട്ടുവന്നിട്ടുണ്ട്. കരാർ എടുക്കുന്ന കമ്പനികൾക്ക് ലാഭത്തിൽ മാത്രമേ താത്പര്യം കാണുകയുള്ളൂ എന്ന ഐ.എം.എയുടെ വാദം ശരിയാണ്. എന്നാൽ പദ്ധതി നടത്തിപ്പിനാവശ്യമായ വിപുലമായ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും. അതിനു തക്ക കാര്യശേഷിയും പരിജ്ഞാനവും സർക്കാർ സംവിധാനത്തിനുണ്ടാകുമോ എന്ന് വിലയിരുത്തണം. നിലവിൽ കടലാസ് ജോലികളെല്ലാം സർക്കാർ സംവിധാനങ്ങൾ വഴിയാണ് നടക്കുന്നതെന്ന് അംഗീകരിച്ചാൽ പോലും പ്രായോഗിക തടസങ്ങൾ ഏറെയുണ്ട്. റിലയൻസിനെ കൈവിടാൻ തീരുമാനമായിക്കഴിഞ്ഞ നിലയ്ക്ക് ഐ.എം.എയുടെ നിർദ്ദേശം കൂടി പരിഗണിക്കാവുന്നതാണ്.